ട്രെയിനില്‍ നിന്ന് വീണ് യുവ ആരോഗ്യപ്രവര്‍ത്തകന് ദാരുണാന്ത്യം, മരണവാര്‍ത്തയറിയാതെ അമ്മ, ഫോണിലെ കോള്‍ലിസ്റ്റില്‍ 3 മിസ് കോള്‍; സിജോയുടെ മരണം തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന് കുറിപ്പ്

പാലക്കാട്: വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്യവെ ട്രെയിനില്‍ നിന്നും വീണ് മരണപ്പെട്ട സിജോ ജോയ്ക്ക് ആദരമര്‍പ്പിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഹരി നോര്‍ത്ത് കോട്ടച്ചേരി. തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവര്‍ക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് സിജോയുടെ ദാരുണാന്ത്യമെന്ന് ഹരി കുറിക്കുന്നു.

ഫേസ്ബുക്കിലാണ് ഹരി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് പാലക്കാട്ടേക്ക് യാത്ര തിരിച്ച സിജോ റെയില്‍വേ ഗേറ്റിന് സമീപം വീണ് മരിക്കുകയായിരുന്നു. പാളങ്ങളില്‍ നിന്ന് മറ്റൊരു പാളങ്ങളിലേക്ക് മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക് വഴുതി വീഴാനും. ചിലപ്പോള്‍ ട്രെയിന്‍ വേഗത കൂടുമ്പോള്‍ വാതില്‍ അതിശക്തിയോടെ അടയുമെന്നും എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണെന്നും സിജോ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

തീവണ്ടിയില്‍ വാതില്‍പ്പടിയില്‍ ഇരുന്നോ നിന്നോ യാത്രചെയ്യുന്നവര്‍ക്കുള്ള മറ്റൊരു മുന്നറിയിപ്പാണ് ഇന്നലെ വീടിന് സമീപം ട്രെയിനില്‍ നിന്ന് വീണ പലക്കാട് ആലത്തൂര്‍ വടക്കഞ്ചേരി സ്വദേശിയും യുവ ആരോഗ്യ പ്രവര്‍ത്തകനുമായ സിജൊ ജോയുടെ ദാരുണാന്ത്യം. ഇന്നലെ രാവിലെയായിരുന്നു മുംബൈയില്‍ നിന്ന് പാലക്കാട്ടേക്ക് യാത്ര തിരിച്ച സിജോ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിന് സമീപം വീണ് മരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനായിരുന്നു. ഗുജറാത്ത് നിന്ന് മുംബൈലയിലേക്ക് ജോലി മാറി അവിടെ നിന്ന് US പോകാനുള്ള ഒരുക്കത്തിനിടെ ഒരു മാസം കുടുംബത്തോടൊപ്പം കഴിയാന്‍ നാട്ടിലെക്ക് വരുന്നതായിരുന്നു. കാസര്‍ഗോഡ് എത്തിയെന്ന് നാട്ടിലുള്ള സഹോദരന് മെസേജ് പോയിരുന്നു. ബോഡി എടുക്കുന്ന സമയം സിവില്‍ ഡിഫന്‍സ് ആളിനെ തിരിച്ചറിയാന്‍ പരിശോധിച്ചപ്പോള്‍ എ ടി എം കാര്‍ഡ് അല്ലാതെ മറ്റു രേഖകള്‍ ഒന്നുമില്ലായിരുന്നു. ഇയര്‍ ഫോണ്‍ ചെവിയില്‍ തന്നെ ഘടിപ്പിച്ച നിലയില്‍ ആയിരുന്നു. പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ ലോക്കല്ലാത്തതിനാല്‍ അവസാനം വിളിച്ച നമ്പരില്‍ ബന്ധപ്പെട്ടപ്പൊള്‍ ആളിനെ പെട്ടെന്ന് തിരിച്ചറിയാനായി. കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ പയ്യന്റെ അമ്മയുടെ 3 മിസ് കോള്‍ വേദനയുണ്ടാക്കി. ഇങ്ങേ തലയ്ക്കു ഫോണെടുക്കാന്‍ മകന്‍ ഇല്ലെന്ന് അമ്മ അറിയുന്നില്ലല്ലോ.

പയ്യന്റെ ജ്യേഷ്ഠനും അമ്മാവനും , ഇളയച്ചനും ഇന്നലെ വൈകിട്ടോടെ ജില്ലാ ആശുപത്രിയില്‍ എത്തി. അന്യ നാട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വന്ന ബന്ധുക്കള്‍ക്ക് ഒരു തുണയായി ഇന്നലെ വൈകിട്ട് എത്തിയത് മുതല്‍ ആവശ്യമായ എല്ലാ സഹായ സഹകരണവുമായി നന്മമരം കാഞ്ഞങ്ങാട് പ്രവര്‍ത്തകര്‍ കൂടെ ഉണ്ടായിരുന്നു. രാവിലെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടേ മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോയി. ട്രെയിനില്‍ ഡോറിനടുത്തിരുന്ന് കഴിയുന്നതും യാത്ര ചെയ്യാതിരിക്കുക. മറ്റൊരിടത്തും ഇരിപ്പിടമില്ലെങ്കില്‍ പോലും ഈ ഇരുപ്പ് ഒഴിവാക്കണം. ട്രെയിനിന്റെ വേഗതയും കാറ്റും മൂലം വളരെ വേഗം കണ്ണുകളില്‍ ആലസ്യം പടരും. പാളങ്ങളില്‍ നിന്ന് മറ്റൊരു പാളങ്ങളിലേക്ക് മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക് വഴുതി വീഴാനും. ചിലപ്പോള്‍ ട്രെയിന്‍ വേഗത കൂടുമ്പോള്‍ വാതില്‍ അതിശക്തിയോടെ അടയും. എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണ്.

ആദരാഞ്ജലികള്‍ പ്രിയ സഹോദരാ..

ഹരി നോര്‍ത്ത് കോട്ടച്ചേരി

Exit mobile version