തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു.തിരുവനന്തപുരം ജില്ലാ ഭരണകൂടം, ഡി.റ്റി.പി.സി യുടെ സാമ്പത്തിക സഹായത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാനേജ്മെന്റ് വിഭാഗവുമായി ചേര്‍ന്ന് 2016 ല്‍ തിരുവനന്തപുരം നഗരത്തില്‍ റൂട്ട് നമ്പറിംഗ് നടപ്പാക്കുന്നതിനെ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. പ്രസ്തുത റൂട്ട് നമ്പറിംഗ് സിസ്റ്റം തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.ആര്.ടി.സി നടപ്പിലാക്കുകയാണ്.
എത്തിച്ചേരുന്ന സ്ഥലത്തിനും സഞ്ചരിക്കുന്ന റൂട്ടിനും പ്രാധാന്യം നല്‍കിയാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ജില്ലകളെ സൂചിപിക്കുന്നതിന് ഇംഗ്ലീഷ് അക്ഷരങ്ങളും സ്ഥലങ്ങള്‍ക്കും അക്കങ്ങളും ചേരുന്ന ഒരു സംവിധാനമാണ് നടപ്പില്‍ വരുത്തുന്നത്. തിരുവനന്തപുരം ജില്ലയെ 4 ഭാഗങ്ങളായി തിരിച്ച് കളര്‍ കോഡിംഗും നടപ്പില്‍ വരുത്തുന്നുണ്ട്. തിരുവനന്തപുരം നഗരം – നീല, നെയ്യാറ്റിന്‍കര, കാട്ടാക്കട – താലൂക്ക് – മഞ്ഞ, നെടുമങ്ങാട് താലുക്ക് – പച്ച, വര്‍ക്കല, ചിറയിന്‍കീഴ് താലുക്കുകള്‍ – ചുവപ്പ് എന്നിങ്ങനെയാണ് കളര്‍ കോഡിംഗ് നടത്തിയിരിക്കുന്നത്. കൂടാതെ നമ്പറിംഗിലും യാത്രക്കാര്‍ക്ക് അനായാസം മനസ്സിലാക്കുന്ന സംവിധാനമാണ് നടപ്പില്‍ വരുത്തുന്നത്.
തിരുവനന്തപുരം നഗരം – 1,2,3 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പരുകള്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട – താലൂക്ക് – 4,5 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പരുകളും, നെടുമങ്ങാട് താലുക്ക് – 6, 7 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പരുകളും, വര്‍ക്കല, ചിറയിന്‍കീഴ് താലുക്കുകള്‍ – 8,9 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പരുകളുമാണ് നല്‍കിയിരിക്കുന്നത്.
കളര്‍ കോഡിംഗ് ഓടു കൂടിയ റൂട്ട് നമ്പര്‍ സ്ഥലനാമ ബോര്‍ഡിന്റെ ഇടതു വശത്തും, പ്രസ്തുത സര്‍വ്വീസ് എത് കാറ്റഗറിയാണ് (സിറ്റി ഓര്‍ഡിനറി (CTY), സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ (CFP)) എന്ന് വ്യക്തമാക്കുന്ന കളര്‍ കോഡിംങ്ങോടു കൂടിയ ചുരുക്കെഴുത്ത് സ്ഥലനാമ ബോര്‍ഡിന്റെ വലതു വശത്തും പ്രദര്‍ശിപ്പിക്കും. സ്ഥലനാമങ്ങള്‍ എഴുതുന്നതിലും കളര്‍ കോഡിംഗ് നടപ്പിലാക്കിയിട്ടുണ്ട്. സിറ്റി ഓര്‍ഡിനറി ബസുകളുടെ സ്ഥലനാമ ബോര്‍ഡുകളില്‍ കറുപ്പ്, നീല നിറങ്ങളിലായിരിക്കും സ്ഥല പേരുകള്‍ എഴുതുക.
സിറ്റി ഫാസ്റ്റില്‍ കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളായിരിക്കും സ്ഥല പേരുകള്‍ എഴുതുന്നതിന് ഉപയോഗിക്കുക. അന്യ സംസ്ഥാന തൊഴിലാളികള്‍, വിനോദ സഞ്ചാരികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വളരെ സഹായകമായ രീതിയിലാണ് ഈ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കിയിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസുകള്‍ സര്‍വ്വീസ് നടത്തുന്ന റൂട്ടുകളിലേക്കുള്ള റൂട്ട് നമ്പറിംഗ് ആണ് പൂര്‍ത്തിയായിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ഈ സംവിധാനത്തിന് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യത പരിശോധിച്ച ശേഷം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും, സംസ്ഥാനത്ത് മുഴുവനായും ഇത് നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതാണ്
Discussion about this post