കോട്ടയം: കോവിഡ് ബാധിച്ച കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ കന്നുകാലികളുടെ സംരക്ഷണം ക്ഷീരോദ്പാദക സഹകരണ സംഘം ഏറ്റെടുത്തു. കറുകച്ചാല്‍ പഞ്ചായത്തിലെ ശാന്തിപുരം ക്ഷീരോദ്പാദക സംഘം മുന്‍ പ്രസിഡന്റ് ബിജുവിന്റെ 17 പശുക്കളെയാണ് കൊടുങ്ങൂര്‍ ക്ഷീര സംഘം ഏറ്റെടുത്തത്.
എട്ടു കറവ പശുക്കളും ഒന്‍പതു കിടാവുകളുമാണ് ഫാമില്‍ ഉണ്ടായിരുന്നത്. ദിവസവും 50 ലിറ്ററോളം പാല് ലഭിച്ചിരുന്ന ഫാമിന്റെ നടത്തിപ്പ് വീട്ടുകാര്‍ക്ക് കോവിഡ് ബാധിച്ചതോടെ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് ക്ഷീര വികസന വകുപ്പിന്റെ സഹായമെത്തിയത്.
സഹകരണ സംഘം സെക്രട്ടറി വി.എന്‍ മനോജിന്റെയും വാഴൂര്‍ ക്ഷീരവികസന ഓഫീസര്‍ ടി.എസ് ഷിഹാബുദ്ദീന്റെയും നേതൃത്വത്തില്‍ പശുക്കളെ ഏറ്റെടുത്ത് കൊടുങ്ങൂര്‍ സംഘത്തിനു കീഴിലെ വിവിധ ക്ഷീര കര്‍ഷകരുടെ വീടുകളില്‍ എത്തിച്ച് സംരക്ഷണം നല്കുകയാണിപ്പോള്.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 65 പശുക്കളെയാണ് ഇവിടെ ഇതുവരെ സംരക്ഷിച്ചത്. ക്ഷീരകര്‍ഷകരായ മനോജ് വാഴേപ്പറമ്പില്‍, സാബു കോലാമാക്കല്‍, കൊച്ചുമോന് കോയിക്കല്‍, ജുബിന്‍ മാത്യു കണയങ്കല്‍, രജിത് കുറുങ്കുടിയില്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം.
ഇവര്‍ ദിവസവും സൊസൈറ്റിയില്‍ പാല് എത്തിക്കും. ജുബിന്‍ മാത്യുവിന്റെ അഞ്ചേക്കര്‍ സ്ഥലത്തെ തീറ്റപ്പുല്ല് സൗജന്യമായി ഈ പശുക്കള്‍ക്ക് എത്തിച്ചു നല്കുന്നു. ഉടമസ്ഥര്‍ കോവിഡ് മുക്തരായ ശേഷം പശുക്കളെ തിരികെ എത്തിക്കും.
ജില്ലയില്‍ നിലവില്‍ ഇത്തരത്തില്‍ വിവിധ ക്ഷീരസംഘങ്ങളുടെ സംരക്ഷണയില്‍ കഴിയുന്ന നൂറോളം പശുക്കളുണ്ടെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു
Discussion about this post