കോട്ടയം: കാലുകൾ തളർന്നിട്ടും കൈപ്പുഴയാറിൽ വള്ളത്തിൽ തുഴഞ്ഞെത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയിരുന്ന കുമരകം സ്വദേശി രാജപ്പന് പ്രധാനമന്ത്രിയുടേയും രാജ്യത്തിന് പുറത്തുനിന്നും ഉൾപ്പടെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ കുറിച്ച് അറിഞ്ഞ ഒട്ടേറെ സുമനസുകൾ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് സാമ്പത്തികമായി പിന്തുണയും നൽകി. ഒട്ടേറെ പേർ പണം നൽകാൻ സന്നദ്ധരായി എത്തിയതോടെ ബാങ്ക് അക്കൗണ്ട് ആരംഭിച്ച രാജപ്പന് 21 ലക്ഷത്തോളമാണ് സഹായമായി എത്തിയത്. എന്നാൽ ഇപ്പോഴിതാ ഈ പണത്തിൽ നിന്നും നല്ലൊരു തുക ബന്ധുക്കൾ തന്നെ തട്ടിയെടുത്തെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് രാജപ്പൻ.
രാജപ്പന്റെ സഹോദരി, ഭർത്താവ്, മകൻ എന്നിവർക്കെതിരെയാണ് പരാതി. തന്റെ അറിവില്ലാതെ അക്കൗണ്ടിൽനിന്ന് 5,08,000 രൂപ പിൻവലിക്കുകയും തന്റെ രണ്ടു വള്ളങ്ങൾ കൈക്കലാക്കുകയും ചെയ്തതതായി രാജപ്പൻ പരാതിയിൽ പറയുന്നു.
‘മൻ കി ബാത്തി’ൽ അഭിനന്ദനം ലഭിച്ചശേഷം നിരവധി സന്നദ്ധസംഘടനകൾ സഹായവുമായി രംഗത്തെത്തി. തുടർന്ന് കുമരകം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് എടുത്തു. വികലാംഗനായതിനാൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് സഹോദരിയെ നോമിനിയായി വെക്കാൻ ബാങ്ക് അധികൃതരോട് പറഞ്ഞു. 21 ലക്ഷം രൂപയോളം അക്കൗണ്ടിൽ വന്നിരുന്നെന്നും രണ്ടു വള്ളവും ലഭിച്ചെന്നും രാജപ്പന്റെ പരാതിയിൽ പറയുന്നു. ഇതോടെ തന്നെ സംരക്ഷിച്ചിരുന്ന സഹോദരന്റെ ഒപ്പം വിടാൻ കൂട്ടാക്കാതെ സഹോദരി തന്നെ വീട്ടിൽ തടഞ്ഞുവെച്ചു. അന്വേഷിച്ചുചെന്ന സഹോദരനെ സഹോദരീ ഭർത്താവ് ഉപദ്രവിക്കുകയും ചെയ്തെന്നുമാണ് രാജപ്പന്റെ പരാതി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അക്കൗണ്ടിൽനിന്ന് ചെക്ക് വഴി മൂന്നുലക്ഷം രൂപ പിൻവലിച്ചിരുന്നു. എന്നാൽ താൻ അറിയാതെ അഞ്ച് ലക്ഷത്തിലേറെ തുക ബന്ധുക്കൾ തന്നെ കൈക്കലാക്കുകയായിരുന്നെന്നും കൂടാതെ, തനിക്ക് വീടുവച്ചുതരാൻ സംഘടനകൾ സന്നദ്ധരായി എത്തിയതോടെ കുടടുംബ വിഹിതത്തിൽ നിന്നും 3 സെന്റ് സ്ഥലം ചോദിച്ചതിന് പത്ത് ലക്ഷം രൂപ നൽകണമെന്ന് സഹോദരിയുടെ മകൻ പറഞ്ഞെന്നും രാജപ്പൻ പറയുന്നു.
അതേസമയം, തനിക്ക് ലഭിച്ച തുക ബന്ധുക്കൾ തട്ടിയെടുത്തെന്ന രാജപ്പന്റെ പരാതിയിൽ പ്രതികരണവുമായി സഹോദരി വിലാസിനി രംഗത്തെത്തി. പണം എടുത്ത് രാജപ്പന് തന്നെ നൽകിയെന്നാണ് വിലാസിനി പറയുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ സഹോദരന്റെ മകനാണെന്നും വിലാസിനി ആരോപിച്ചു. പലരും നൽകിയ പണം രാജപ്പന്റെ കൈയിലുണ്ടെന്നും അനിയന്റെ മകനായ സതീഷാണ് ഈ പണമെല്ലാം വാങ്ങിച്ചെടുക്കുന്നതെന്നും അവർ പറഞ്ഞു. സതീഷാണ് പരാതിക്ക് പിന്നിലെന്നും അവർ ആരോപിച്ചു. താനും മകനും ചേർന്നാണ് പണം ബാങ്കിൽ നിന്ന് എടുത്തത്. അത് അന്ന് തന്നെ രാജപ്പനെ ഏൽപ്പിച്ചുവെന്നും പണം എന്ത് ചെയ്തെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
Discussion about this post