സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സമയം വേണം; എഎഐയ്ക്ക് കത്തെഴുതി അദാനി

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായുള്ള ഏറ്റെടുക്കൽ നടപടികൾ വൈകുന്നു. വിമാനത്താവളം ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് കൈമാറിയിറിയിരിക്കുകയാണ്. ഇതോടൊപ്പം ജയ്പുർ, ഗുവാഹത്തി, വിമാനത്താവളങ്ങൾ ഏറ്റെടുക്കാനും കൂടുതൽ സമയം വേണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണമാണ് ഏറ്റെടുക്കൽ വൈകുന്നതെന്ന് അദാനി ഗ്രൂപ്പ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിനും അദാനി ഗ്രൂപ്പിന് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആറുമാസത്തെ അധിക സമയം അനുവദിച്ചിരുന്നു.

അദാനി ഗ്രൂപ്പിന്റെ ആവശ്യം ഈമാസം അവസാനം ചേരുന്ന ബോർഡ് യോഗം ചർച്ചചെയ്യുമെന്ന് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ജനുവരി 19 ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാർ പ്രകാരം 180 ദിവസത്തിനുള്ളിൽ തിരുവനന്തപുരം, ജയ്പുർ, ഗുവാഹത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ. സമയപരിധി ഈമാസം അവസാനിക്കാനിരിക്കെയാണ് അദാനി കത്ത് നൽകിയത്. ഏറ്റെടുക്കലിന് മുന്നോടിയായി വിമാനത്താവളത്തിലെ ആസ്തികളുടെ കണക്കെടുപ്പ് ആവശ്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ്, എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി അദാനി ഗ്രൂപ്പ് ഒപ്പുവെച്ച കരാറിൽ ആറ് മാസംവരെ ഏറ്റെടുക്കൽ നീട്ടി നൽകാമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം അദാനി ഗ്രൂപ്പിന് ഇളവ് അനുവദിക്കാനാണ് സാധ്യത.

അതേസമയം, തിരുവനന്തപുരം വിമാനത്താവള കൈമാറ്റം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ തൊഴിലാളി സംഘടനയും നൽകിയ ഹർജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Exit mobile version