കൊച്ചി: രാജ്യദ്രോഹക്കേസിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച കവരത്തി പോലീസ് സ്റ്റേഷനിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ ബോണ്ടിൽ കീഴ്ക്കോടതി ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു. കേസിനെ സംബന്ധിച്ചുയർന്ന ആശങ്കയിൽ ഐഷയ്ക്ക് താത്കാലിക ആശ്വസം തന്നെയാണ് ഈ വിധി. അതേസമയം ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷയെ ലക്ഷദ്വീപ് ഭരണകൂടം ശക്തമായി എതിർത്തു. ആയിഷ നടത്തിയത് വിമർശനമല്ല, വിദ്വേഷ പ്രചരണമാണെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ വ്യക്തമാക്കിയത്.
ഞായറാഴ്ച വൈകിട്ട് 4.30 നാണ് കവരത്തി പോലീസ് സ്റ്റേഷനിൽ ആയിഷ സുൽത്താന ഹാജരാകേണ്ടത്. അറസ്റ്റ് രേഖപ്പെടുത്തിയാലും ഇവരുടെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, മുൻകൂർ ജാമ്യം തേടി കൊണ്ടുള്ള ഐഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി വിധി പറയാൻ വേണ്ടി മാറ്റിവെച്ചു. അഡ്വ. പി വിജയഭാനുവാണ് ഐഷ സുൽത്താനയ്ക്ക് വേണ്ടി ഹാജരായത്. ജൈവായുധ (ബയോ വെപ്പൺ) പരാമർശം നടത്തിയത് അബദ്ധത്തിലാണ്. അത് തെറ്റാണെന്ന് മനസിലായപ്പോൾ തന്നെ ഐഷ മാപ്പു പറഞ്ഞിരുന്നതായും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി.
ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമകത്തിന് പ്രേരിപ്പിച്ചിട്ടില്ല. താൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ തയാറാണ്. എന്നാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആയിഷ കോടതിയിൽ ബോധിപ്പിച്ചു. 124 എ വകുപ്പ് നിലനിൽക്കില്ല. ജനങ്ങളെ രാജ്യത്തിനെതിരെ തിരിച്ചിട്ടില്ലെന്നും അവർ കോടതിയിൽ പറഞ്ഞു. ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജ്യദ്രോഹ കേസിൽ സുപ്രീംകോടതിയുടെ സമീപകാല നിലപാടുകൾ പരിശോധിക്കണമെന്നും ഐഷ സുൽത്താന കോടതിയിൽ ആവശ്യപ്പെട്ടു.
Discussion about this post