തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന ലിഫ്റ്റിൽ കയറി അപടകത്തിൽപ്പെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ(22)യാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. അറ്റകുറ്റപ്പണി നടക്കുമ്പോൾ സൂചന ബോർഡ് വെയ്ക്കാത്തത് കാരണം ലിഫ്റ്റിലേക്ക് കാലെടുത്തു വെച്ച യുവതി താഴേയ്ക്ക് വീഴുകയായിരുന്നു. ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. വീഴ്ചയിൽ നദീറയുടെ തലക്ക് ഗുരുതമായി പരിക്കേറ്റിരുന്നു.
യുവതി മരിക്കാനിടയായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ നടപടി എടുത്തതായും ആരോഗ്യമന്ത്രി അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ ആർസിസി ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. നിർധന കുടുംബാംഗമായ നദീറക്ക് നഷ്ടപരിഹാരം ആർസിസി നൽകണമെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം 15നാണ് നദീറയ്ക്ക് വീണുപരിക്കേറ്റത്. അന്നുതൊട്ട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് നദീറ. ഇതിനിടെ നദീറ കോവിഡ് പോസിറ്റീവാണെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു. ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് അപകടത്തിനിടയാക്കിയതെന്ന് ആർസിസി അധികൃതർ പറഞ്ഞു.
Discussion about this post