മലപ്പുറം: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി നാട്ടുകാര്‍. കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവ് ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള പെരിന്തല്‍മണ്ണയിലെ കളിപ്പാട്ട കടയില്‍ ഇന്നലെ രാത്രി തീപിടിത്തമുണ്ടായിരുന്നു. ഇതിന് പിന്നിലും പ്രതിയായ വിനീഷ് വിനോദാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കടകത്തിച്ച് ശ്രദ്ധതിരിച്ചുവിട്ട് നടത്തിയ കൊലയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദ് (21) ഇന്ന് രാവിലെയാണ് കുത്തികൊലപ്പെടുത്തിയത്. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ (13)യ്ക്കും പരുക്കേല്‍ക്കുകയായിരുന്നു. ദൃശ്യയുടെ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ കയറിയാണ് വിനീഷ് ആക്രമണം നടത്തിയത്. രാവിലെ എട്ടരയോടെയാണ് പെണ്‍കുട്ടിയെ വിനീഷ് വീട്ടില്‍ കയറി കുത്തിയത്.
അതേസമയം കൊലപാതകം നടത്തിയത് പ്രതി വിനീഷ് തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുന്‍പ് പ്രതിയെ താക്കീത് ചെയ്തിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത വിനീഷിനെ ചോദ്യം ചെയ്യുകയാണ്.
പ്ലസ്ടുവില്‍ ദൃശ്യയുടെ സഹപാഠിയായിരുന്നു വിനീഷ്. എല്‍എല്‍ബി വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ദൃശ്യ. പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ നില ഗുരുതരമാണെന്നും നെഞ്ചിലും കയ്യിലും കുത്തേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Discussion about this post