കൊച്ചി: അടിയന്തരമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ നിർത്തിവെയ്ക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. പരിഷ്കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൽപി ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷൻ ബെഞ്ചിന്റെ നടപടി.
പരിഷ്കാരങ്ങൾ ഏർപ്പെടുന്നത് പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്കാരങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുക എന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിശദീകരണം നൽകിയിരുന്നു. ഇതാണ് കോടതിയുടെ നടപടിക്ക് പിന്നിൽ.
ഭരണപരിഷ്കരങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിക്കാരൻ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ കോടതി ഇത് അനുവദിച്ചിരുന്നില്ല. പകരം വിശദീകരണം ചോദിച്ച് കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കത്തയച്ചിരിക്കുകയാണ്.
ഇതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ സന്ദർശനത്തിന് പിന്നാലെദ്വീപിൽ ആരംഭിച്ച ഭൂമിയേറ്റെടുക്കൽ നടപടികൾ നിർത്തിവെച്ചു. അഡ്മിനിസ്ട്രേഷന്റെ ഈ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ നിർത്തിവെച്ചത്.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന കൊടികൾ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. ഭൂവുടുമകളെ അറിയിക്കാതെ സ്വകാര്യ ഭൂമി ഏറ്റെടുത്തതിന്റെ വാർത്തകൾ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.
Discussion about this post