തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മദ്യശാലകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ഏറെ നാളായി അടഞ്ഞു കിടന്ന മദ്യശാലകള്‍ക്ക് മുന്നില്‍ ആദ്യഘട്ടത്തില്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം, തിക്കും തിരക്കും ഇല്ലാതെ ക്ഷമയോടെ സാമൂഹിക അകലം പാലിച്ചാണ് ആവശ്യക്കാര്‍ വരിനിന്ന് മദ്യം വാങ്ങി മടങ്ങുന്നത്.
തിരക്ക് നിയന്ത്രിക്കാന്‍ ബിവറേജസ് ഔട്ട്ലറ്റുകള്‍ മുന്നില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ചയാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും കാണാന്‍ സാധിക്കുന്നത്. രാവിലെ 11 മണിയോടെ ബാറുകളും ബിയര്‍ വൈന്‍ കടകളും തുറക്കും. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാവുന്നതാണ്.
ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണമെന്നാണ് പ്രധാനമായും നല്‍കുന്ന നിര്‍ദേശം. മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത കണക്കിലെത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. 20 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കില്ല.