കൊച്ചി: സപ്ലൈകോ ഉത്പന്നങ്ങളില്‍ തൂക്ക കുറവ് ഉണ്ടെന്ന പരാതിയില്‍ എംഡിയുടെ നേതൃത്വത്തില്‍ പാക്കിംങ് സെന്ററുകളില്‍ മിന്നല്‍ പരിശോധന. ഉത്പന്നങ്ങളില്‍ തൂക്കകുറവ് ഉണ്ടെന്ന പരാതി ലഭിച്ചതോടെ സംഭവത്തില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉടനടി ഇടപെടുകയായിരുന്നു.
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിവിധ പാക്കിംങ് സെന്ററുകളില്‍ സപ്ലൈക്കോ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. മൂന്ന് ടീമായി തിരിഞ്ഞായിരുന്നു മിന്നല്‍ പരിശോധന. ഡിപ്പോ മാനേജര്‍, റീജനല്‍ മാനേജര്‍, ഹെഡ് ഓഫീസ് ലെവല്‍ എന്നിങ്ങനെ മൂന്ന് ടീമായി തിരിഞ്ഞായിരുന്നു പരിശോധന.
കൂടാതെ എം ഡി അലി അസ്ഗര്‍ പാഷ ഐ എ എസ്സും നേരിട്ട് പരിശോധനക്കിറങ്ങി. പരിശോധനയില്‍ ചില പാക്കിംങ് സെന്ററുകളില്‍ ക്രമക്കേട് കണ്ടെത്തി. സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് എതിരെ അച്ചടക്ക നടപടി എടുത്തു.
ക്രമക്കേട് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും കഴിഞ്ഞ മൂന്നു ദിവസമായി നടത്തുന്ന പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും എം ഡി ബിഗ്ന്യൂസിനോട് പറഞ്ഞു .