ശൂരനാട്: സഹോദരമാരുടെ ചിത്രം വെച്ച് ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് മാവിലാത്തറ വടക്കതില്‍ അശ്വതി(32)യാണ് അറസ്റ്റിലായത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയ്ക്കുകയും ചെയ്തു.
ഇവരുടെപേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് യുവതി തട്ടിപ്പുനടത്തി വന്നത്. ഇവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചത്. യുവാക്കളായിരുന്നു അശ്വതിയുടെ പ്രധാന ഇരകള്‍.
തട്ടിപ്പിനിരയായ യുവാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ഇതേപ്പറ്റി വിവരം പങ്കുവെച്ചതോടെയാണ് പ്രഭയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതിനല്കിയെങ്കിലും അക്കൗണ്ടുകള്‍ പലതും നീക്കംചെയ്തതിനാല്‍ ഫേസ്ബുക്കിനോട് വിശദീകരണംതേടാതെ കേസെടുക്കാന്‍ ആകില്ലെന്ന മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് സ്വന്തംനിലയില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. നാലു വര്‍ഷമായി ഇവര്‍ ഏഴിലധികം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post