അട്ടപ്പാടി: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളില്‍ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 80 ശതമാനം (8000) വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് അറിയിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ 15 ശതമാനം(1600) കഴിഞ്ഞിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരും പ്രമോട്ടര്‍മാരും ഊരുകളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തിയാണ് വാക്‌സിന്‍ എടുക്കുന്നത്. വരും ദിവസങ്ങളില്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ കൂടുതല്‍ നടത്തുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോവിഡ് ബാധിതരുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ആവശ്യമായ ബോധവത്ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊരുകളില്‍ നടപ്പാക്കുന്നുണ്ട്. അടിയന്തിര ആവശ്യത്തിനായി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നാല് പുതിയ വെന്റിലേറ്ററുകള്‍ കൂടി സ്ഥാപിച്ചു. ഷോളയൂര്‍, ആനക്കട്ടി ഭാഗങ്ങളിലെ ഊരുകളില്‍ പകല്‍ സമയങ്ങളില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രാത്രികാലങ്ങളില്‍ ഊരുകളിലെത്തി വാക്‌സിന്‍ എടുക്കുന്നത് തുടരുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വാക്‌സിനെടുക്കാന്‍ വിമുഖതയുള്ളവരെ അനുനയിപ്പിക്കാന്‍ ഊരുകളില്‍ എ.എസ്.പി നേരിട്ടെത്തി
അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളില്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവരെ അനുനയിപ്പിക്കാന്‍ ഊരുകളില്‍ എ.എസ്.പി. പദം സിംഗ് നേരിട്ടെത്തി. ആനക്കട്ടി എഫ്.എച്ച്.സിയുടെ കീഴിലുള്ള വട്ടുലക്കി, ലക്ഷംവീട് , പുലിയപതി തുടങ്ങിയ ഊരുകളിലാണ് ഊരുനിവാസികളെ അനുനയിപ്പിക്കാനായി എ.എസ്. പി. നേരിട്ടെത്തിയത്. വാക്‌സിന്‍ എടുത്താല്‍ പനി വരുമെന്നും ആടും മാടും മേക്കാന്‍ പോകുന്നതിന് ബുദ്ധിമുട്ടാകും തുടങ്ങി പല കാരണങ്ങളും പറഞ്ഞ് ഒഴിവായ ആളുകളെയാണ് എ. എസ്.പി നേരിട്ട് കണ്ടു കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയത്. എ.എസ്.പി. നേരിട്ടെത്തിയതോടെ വാക്‌സിന്‍ എടുക്കാമെന്ന് ഊരു നിവാസികള്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ ഇവിടങ്ങളില്‍ വാക്‌സിന്‍ എത്തിക്കും.
ഷോളയൂര്‍ സി.ഐ. വിനോദ് കൃഷ്ണ, അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്, ഐ.ടി.ഡി.പി , ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ എ.എസ്.പി.ക്ക് ഒപ്പമുണ്ടായിരുന്നു.