തിരുവനന്തപുരം: തനിക്ക് നെരെ ഭീഷണി ഉയർത്തിയ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന് വായടപ്പിക്കുന്ന മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മുമ്പും തനിക്ക് എതിരെ ഇത്തരം ഭീഷണികൾ ഉയർന്നിട്ടുണ്ടെന്നും അന്നൊക്കെ വീട്ടിൽ തന്നെയാണ് കിടന്നുറങ്ങിയതെന്നും മുഖ്യമന്ത്രി രാധാകൃഷ്ണനെ ഓർമ്മിപ്പിച്ചു.
എഎൻ രാധാകൃഷ്ണന്റെ പ്രസ്താവന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയാണെന്നും നിങ്ങൾക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല, കുട്ടികളെ ജയിലിൽ പോയി കാണേണ്ടിവരും എന്ന പറയുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലേ? എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെറ്റായ രീതിയിൽ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് അതിന്റെ അർത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. എഎൻ രാധാകൃഷ്ണന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
ക്രമത്തിൽ നടക്കുന്ന അന്വേഷണം സർക്കാർ ഇടപെട്ട് അവസാനിപ്പിച്ചോളണം അല്ലെങ്കിൽ വരുന്നത് ഇതാണ് എന്നാണ് അവർ പറയുന്നത്. ഇതാണ് ഭീഷണി. മക്കളെ ജയിലിൽ പോയി കാണേണ്ടിവരും എന്നത് കൊണ്ട് നൽകുന്ന സന്ദേശമാണ് ഗൗരവകരമായി കാണേണ്ടത്. ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. അതിൽ ഏതെങ്കിലും തരത്തിൽ അമിത താല്പര്യത്തോടെയോ തെറ്റായോ സർക്കാർ ഇടപെട്ടു എന്ന് ആരോപണം ഉയർന്നിട്ടില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്ക് അതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ സംഭവിച്ചു എന്നതും ആക്ഷേപമായി ഉയർന്നിട്ടില്ല. കേസ് അന്വേഷിക്കുകയാണെങ്കിൽ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ കുടുക്കും എന്നത് മറ്റൊരു ഭീഷണിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
രാധാകൃഷ്ണന്റെ ആളുകൾ ഇങ്ങനെയുള്ള പല ഭീഷണികളും വളരെക്കാലം മുന്നേ തനിക്ക് നേരേ ഉയർത്തിയതാണ്. അത് ജയിലിൽ കിടക്കലല്ല, അതിനപ്പുറവുമുള്ളത്. അന്നെല്ലാം ഞാൻ വീട്ടിൽ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്. അതിലൊരു പ്രയാസവുമുണ്ടായിട്ടില്ല. അതോർക്കുന്നത് നല്ലത്. ഈ തരത്തിലുള്ള ഭീഷണികൾ കടന്നുവന്നയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികർത്താക്കളാകരുതെന്നും അത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തിൽ എന്തുവേണമെന്ന് ഞാനങ്ങ് തീരുമാനിക്കും അങ്ങ് നടപ്പാക്കും എന്ന കരുതുകയാണെങ്കിൽ അതൊന്നും നടപ്പാകില്ല എന്ത് നമ്മുടെ നാട് തെളിയിച്ചില്ലേ? എന്തെല്ലാമായിരുന്നു മോഹങ്ങൾ ഉണ്ടായിരുന്നത്. അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞോ എന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.