തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് ഏഴ് വരെയാകും പ്രവര്‍ത്തനസമയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങളോട് കൂടിയാകും തുറന്ന് പ്രവര്‍ത്തിക്കുക.
ബാറുകളില്‍ പാഴ്‌സല്‍ മാത്രമാകും ലഭ്യമാകുക. ആപ്പ് വഴി ബുക്ക് ചെയ്താകും മദ്യ വില്‍പ്പനയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മദ്യവില്‍പ്പന നടക്കുന്ന സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം ബെവ്‌കോ ആപ്പ് തന്നെയാണോ എന്നകാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത നല്‍കിയില്ല. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് പരിശോധിക്കുമെന്ന് പിണറായി പറഞ്ഞു.
കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ജൂണ്‍ 17 മുതലാകും ഇളവുകള്‍. മിതമായ രീതിയില്‍ പൊതുഗതാഗതം അനുവദിക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. മറ്റു ആള്‍ക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.