തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗൺ സംസ്ഥാനത്ത് നീട്ടേണ്ടതില്ലെന്ന് തീരുമാനം. ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഇതോടെ സംസ്ഥാനത്ത് ജൂൺ 16ന് ലോക്ക്ഡൗൺ അവസാനിക്കുമെന്ന് ഉറപ്പായി. മേയ് ആറിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പിന്നീട് ജൂൺ 16 വരെ നീട്ടുകയായിരുന്നു. ജൂൺ 17 തൊട്ട് പൊതുഗതാഗതത്തിന് അനുമതിയുണ്ട്. ഭാഗികമായി പൊതുഗതാഗതം അനുവദിക്കാനാണ് തീരുമാനം.
ബാർബർഷോപ്പുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവും. സമ്പൂർണമായ തുറന്നുകൊടുക്കൽ ഉണ്ടാവില്ലെന്നാണ് വിവരം. ടിപിആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും 20ന് മുകളിലുള്ള സ്ഥലങ്ങളിൽ സാധാരണ ലോക്ഡൗണും ഏർപ്പെടുത്തിയേക്കും. ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെ ജില്ലകളിൽ ടിപിആർ 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ പത്ത് ശതമാനത്തിലും താഴെയായി.
എന്നാൽ, സംസ്ഥാന വ്യാപകമായി ടിപിആർ കുറയുമ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും ടിപിആർ നിരക്ക് 35 ശതമാനത്തിൽ കൂടുതലാണ്. എങ്കിലും ലോക്ക്ഡൗൺ നീട്ടുന്നത് ജനങ്ങളെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് സർക്കാരും പ്രതിപക്ഷവും വിലയിരുത്തിയിരുന്നു. ഇതാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കാരണമായിരിക്കുന്നത്.
Discussion about this post