തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുകയാണെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ ബിജെപി കോര്‍കമ്മിറ്റി അംഗങ്ങള്‍ നടത്തിയ സത്യഗ്രഹ സമരത്തില്‍ സംസാരിക്കവേയായിരുന്നു ഭീഷണി.
ശബരിമല കേസില്‍ നേരത്തെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ കയറ്റിയിറക്കി. ആ അഹങ്കാരവുമായി മുന്നോട്ടുപോയാല്‍ പിണറായി വിജയന് അധികം ദിവസം വീട്ടില്‍ കിടന്ന് ഉറങ്ങില്ല. മക്കളെ കാണാന്‍ ചിലപ്പോള്‍ ജയിലില്‍ വരേണ്ട സാഹചര്യം ഉണ്ടാകും. ഹുങ്കും അഹങ്കാരവുമായി വന്നാല്‍ അതിന്റെ പതിന്മടങ്ങ് തിരിച്ചടിക്കുമെന്ന് പിണറായി വിജയനെ ഓര്‍മ്മിപ്പിക്കുകയാണെന്നും രാധാകൃഷ്ണന് പറഞ്ഞു.
സമൂഹത്തില്‍ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കാനും മാധ്യമവേട്ടയ്ക്ക് വളരെ ബോധപൂര്‍വം എറിഞ്ഞുകൊടുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും, ബിജെപി നേതാക്കളെയെല്ലാം കള്ളക്കേസില്‍ കുടുക്കി കളയാം, വിചാരണ നടത്താം എന്നൊക്കെയാണ് വിചാരമെങ്കില് പിണറായി വിജയനോട് ഒന്നേ പറയാനുള്ളൂ, കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഓര്‍മ്മ വേണമെന്നും എഎന്‍ രാധാകൃഷ്ണന് പറഞ്ഞു.
ബിജെപി കോര്‍കമ്മിറ്റി അംഗങ്ങള്‍ നടത്തിയ സത്യഗ്രഹം സമരത്തില്‍ പാര്‍ട്ടി നേതാക്കളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്, പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post