കൊടുങ്ങല്ലൂര്‍: കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. എടവിലങ്ങ് കാര പുതിയറോഡിന് കിഴക്ക് നെടുംപറമ്പില്‍ അബ്ദുള്‍കരീമിന്റെ മകന്‍ മുഹമ്മദ് ഷാനും (36), ഭാര്യ ഹസീന(30)യുമാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ കോട്ടപ്പുറം പാലത്തില്‍ വലിയപണിക്കന്‍തുരുത്ത് ഭാഗത്തുവെച്ചാണ് അപകടം നടന്നത്.
ഏതാനും ദിവസംമുമ്പാണ് മസ്‌കറ്റിലെ ജോലിസ്ഥലത്തുനിന്ന് ഇരുവരും നാട്ടിലെത്തിയത്. ക്വാറന്റൈന്‍ സമയം അവസാനിച്ച് ആശുപത്രിയില്‍ പോയി മടങ്ങവെയായിരുന്നു ദാരുണ അപകടം നടന്നത്. മൂത്തകുന്നം ഭാഗത്തുനിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് വരുകയായിരുന്നു അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും. അപകടം നടക്കുമ്പോള്‍ മഴപെയ്തിരുന്നു.
ലോറിയുമായി ഇടിച്ച സ്‌കൂട്ടര്‍ നേരെ എതിര്‍വശത്തേക്ക് തെറിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. മക്കള്‍: അമല്‍ ഫര്‍ഹാന്‍, ആമിന (ഇരുവരും പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഐ.ടി. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ്). സീനത്താണ് മുഹമ്മദ്ഷാന്റെ മാതാവ്. സഹോദരന്‍: മുഹമ്മദ് ഷെഫീന്‍.
കോട്ടപ്പുറം പാലത്തില്‍നിന്ന് 15 മിനിറ്റ് കൂടി സഞ്ചരിച്ചിരുന്നെങ്കില്‍ മുഹമ്മദ് ഷാനും ഭാര്യ ഹസീനയ്ക്കും വീട്ടിലെത്താമായിരുന്നു. എന്നാല്‍ വിധി അപകടത്തില്‍ ദമ്പതികളെ തട്ടിയെടുക്കുകയായിരുന്നു. ചെറിയ ചാറ്റല്‍മഴയില്‍ വാഹനങ്ങളുടെ നിയന്ത്രണം തെറ്റിയതാകാം അപകടകാരണമെന്നാണ് സൂചന. അതുവഴി പോയിരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും പോലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.