സ്ത്രീകളെ പൂജാരിയാക്കുന്നതില്‍ എതിര്‍പ്പില്ല, ആശയത്തോട് ബിജെപിക്ക് പൂര്‍ണ്ണ യോജിപ്പെന്ന് എംടി രമേശ്; പക്ഷേ വിശ്വാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ താത്പര്യമില്ല

MT Ramesh | Bignewslive

സ്ത്രീകളെ പൂജാരിമാരാക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കേരള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സ്ത്രീകളെ പൂജാരിമാരാക്കുന്നതിനോട് എതിര്‍പ്പില്ല. ഈ ആശയത്തോട് ബിജെപിക്ക് പൂര്‍ണ യോജിപ്പാണെന്ന് എംടി രമേശ് പറയുന്നു.

അതേസമയം, വിശ്വാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ല. ഇവിടെ ദേവസ്വം ബോര്‍ഡിന് തമിഴ്‌നാട് സര്‍ക്കാര്‍ എടുത്ത തീരുമാനം എടുക്കാം. പക്ഷേ സര്‍ക്കാരിന്റേതായിട്ടുള്ള തീരുമാനങ്ങള്‍ പാടില്ല. കാലകാലങ്ങളിലായി ഹിന്ദു സമൂഹത്തില്‍ സ്ത്രീകളെ പൂജാരിമാരാക്കുന്നുണ്ട്. ഇത് പുതിയ കാര്യമല്ല. വിപ്ലവമായി കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംടി രമേശിന്റെ വാക്കുകള്‍;

തമിഴ്‌നാട്ടിലും ഇന്ത്യയില്‍ മറ്റെവിടെയും തന്നെ ബിജെപിക്ക് എല്ലാ കാര്യത്തിലും ഒരേ നയമാണ്. അതുകൊണ്ട് തമിഴ്‌നാട് ബിജെപിയുടെ തീരുമാനത്തെ കേരള ഘടകം എതിര്‍ക്കേണ്ട കാര്യമില്ല. പൂജാരിമാരാകുന്നത് മറ്റ് ജോലി പോലെയല്ലല്ലോ..? ഇത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. കേരളത്തില്‍ പലയിടത്തും സ്ത്രീകള്‍ ഈ ജോലിയോട് താല്‍പര്യം കാണിക്കാറില്ല. എന്നാല്‍ ഒരു മതേതര സര്‍ക്കാരിന്റെ ചുമതലയല്ല ആരെ ഇത്തരത്തില്‍ നിയമിക്കണമെന്ന്.

പൂജാ വിധി പഠിപ്പിക്കുന്നതും സര്‍ക്കാരിന്റെ ജോലിയല്ല. അത് അതാത് മതസംഘടനകളുടെ മാത്രം കാര്യമാണ്. മതങ്ങളിലേക്കുള്ള കൈകടത്തലുകള്‍ ബിജെപി ശക്തമായി എതിര്‍ക്കും. ഇങ്ങനെയൊരു തീരുമാനത്തെ ശബരിമല വിധിയുമായി കൂട്ടിചേര്‍ക്കേണ്ട കാര്യമില്ല. എന്തുകൊണ്ട് മറ്റ് മതങ്ങളിലേക്ക് ഇത്തരം കൈകടത്തലുകള്‍ ഉണ്ടാവുന്നില്ല…? ഹിന്ദുസമുദായത്തില്‍ മാത്രമുള്ള ഈ ഇടപെടലുകള്‍ പാര്‍ട്ടി ഗൗരവകരമായി തന്നെയാണ് കാണുന്നത്.

Exit mobile version