തനിക്ക് എതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ മലയാളി റാപ്പർ വേടൻ മാപ്പ് പറച്ചിലും കുറ്റസമ്മതവും നടത്തി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിനിടെ വേടന്റെ സോഷ്യൽമീഡിയ കുറിപ്പിന് ലൈക്ക് ചെയ്തതിന് നടി പാർവതി തിരുവോത്തും ഏറെ ആക്രമണങ്ങൾ ഏറ്റുവാങ്ങുകയാണ്. ഒടുവിൽ സൈബർ ലോകത്ത് വിമർശനം കനത്തതോടെ തന്റെ നിലപാട് വ്യക്തമാക്കി പാർവതി രംഗത്തെത്തിയിരിക്കുകയാണ്.
വേടന്റെ പോസ്റ്റിന് ലൈക്ക് ചെയ്തതിൽ ഖേദിക്കുന്നുവെന്നും ചെയ്തത് തെറ്റാണെന്ന് മനസിലാക്കിയപ്പോൾ തന്നെ തന്റെ ലൈക്ക് പിൻവലിച്ചിരുന്നെന്നും പാർവതി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. അതിജീവിച്ചവരോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് പാർവതി തന്റെ നിലപാട് വിശദീകരിച്ചിരിക്കുന്നത്.
ആരോപണവിധേയനായ പാട്ടുകാരൻ വേടന് എതിരായി ധൈര്യത്തോടെ തുറന്നുപറച്ചിൽ നടത്തിയ എല്ലാ അതിജീവനത്തിന്റെ പോരാളികളോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. താൻ വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തത് അയാൾ ചെയ്തത് തെറ്റാണെന്ന അയാളുടെ തിരിച്ചറിവിന് ഒരു പ്രാധാന്യം ഉള്ളതുകൊണ്ടാണെന്നും താൻ ചെയ്തത് തെറ്റാണെന്ന് പോലും തിരിച്ചറിയാത്തവരാണ് മിക്ക ആണുങ്ങളെന്നും പാർവതി തന്റെ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
വേടന്റെ പോസ്റ്റ് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന വ്യക്തമായ ബോധ്യം തനിക്കുണ്ടെന്നും കേസുമായി മുന്നോട്ട് പോകാനുള്ള അതിജീവിച്ചവരുടെ തീരുമാനമാണ് ബഹുമാനിക്കപ്പെടേണ്ടതെന്നും അതാണ് പരമപ്രധാനമെന്നും പാർവതി പ്രതികരിച്ചു.
പീഡനങ്ങളെ അതിജീവിച്ച ചിലർ, വേടന്റെ മാപ്പപേക്ഷ ആത്മാർത്ഥമായ ഒന്നല്ലെന്ന് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തന്നെ താൻ വേടന്റെ പോസ്റ്റിന് രേഖപ്പെടുത്തിയ ലൈക്ക് പിൻവലിച്ചിരുന്നെന്നും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സൂചിപ്പിക്കുന്നു.
‘ഞാൻ തെറ്റ് തിരുത്തിയിരിക്കുകയാണ്. മാപ്പ് നൽകണോ എന്നതും ഏറ്റ മുറിവുകൾ ഉണക്കേണ്ടത് എങ്ങനെയാണ് എന്നതെല്ലാം അതിജീവിച്ചവരുടെ മാത്രം അവകാശങ്ങളാണ്. എന്നും അവരുടെ കൂടെ നിൽക്കുക എന്നത് മാത്രമാണ് തനിക്ക് ചെയ്യാനാവുക. ഞാൻ നിങ്ങളെ മുറിവേൽപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും’- പാർവതി തന്റെ പ്രതികരണ കുറിപ്പിലൂടെ വിശദീകരിച്ചു.
നേരത്തെ, സംവിധായകൻ ഒമർ ലുലു അടക്കമുള്ളവർ സോഷ്യൽമീഡിയയിലൂടെ പാർവതിയുടെ നിലപാടിന് എതിരെ രംഗത്തെത്തിയിരുന്നു. പാർവതി വേടന്റെ പോസ്റ്റിന് ലൈക്ക് ചെയ്തത് പീഡനക്കേസിലെ പ്രതിയോടുള്ള ഐക്യദാർഢ്യമായി മാത്രമേ കാണാനാകൂ എന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽമീഡിയയിലൂടെ തന്നെ തന്റെ നിലപാട് വ്യക്തമാക്കി താരം രംഗത്തെത്തിയിരിക്കുനന്ത്.
Discussion about this post