തിരുവനന്തപുരം: ഇന്ധനവില 100 കടന്ന് കുതിക്കുന്നതിനിടെ വ്യാപകമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങി ട്രേഡ് യൂണിയനുകൾ. ഇന്ധനവില വർധനവിനെതിരെ പ്രതിഷേധസൂചകമായി ജൂൺ 21ന് പകൽ 11 മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിരത്തിൽ നിർത്തിയിടണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത യോഗത്തിൽ തീരുമാനം. സംയുക്ത സമിതിക്ക് വേണ്ടി എളമരം കരീമാണ് ഇക്കാര്യം അഭ്യർഥിച്ചത്.
വാഹനങ്ങൾ എവിടെയാണോ, അവിടെ നിർത്തിയിട്ട് ജീവനക്കാർ നിരത്തിലിറങ്ങി നിൽക്കുമെന്നും പ്രതിഷേധത്തിൽ നിന്ന് ആംബുലൻസ് വാഹനങ്ങളെ ഒഴിവാക്കുമെന്നും എളമരം കരീം അറിയിച്ചു. കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്ന സർക്കാർ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഈ പകൽകൊള്ള.
ഈ കടുത്ത ജനദ്രോഹ നയത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാൻ എല്ലാ തൊഴിലാളികളോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്ന് എളമരീം കരീം പറഞ്ഞു.
2014ൽ മോഡി അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 72. 26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിലിന് ബാരലിന് 105.56 ഡോളറായിരുന്നു വില. 2021 ജൂൺ 1ന് ക്രൂഡ് ഓയിൽ വില ബാരലിന് 70.45 ഡോളറായി കുറഞ്ഞിട്ടും പെട്രോളിന് ലിറ്ററിന് 98 രൂപയും, ഡീസൽ ലിറ്ററിന് 88 രൂപയായും ഉയർന്നു. പാചകവാതകത്തിന്റെയും, മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു. അക്ഷരാർത്ഥത്തിൽ ജനജീവിതം ദുസ്സഹമായി മാറിയെന്നും ട്രേഡ് യൂണിയൻ ആരോപിച്ചു.