വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് പണം കടം ചോദിക്കുന്ന തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്ന് പോലീസ് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും, തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമാണ് തട്ടിപ്പു സംഘത്തിന്റെ രീതി. ഫേസ്ബുക്കിലൂടെ സുഹൃത്തിനോട് ആദ്യം സുഖവിവരങ്ങള്‍ അന്വേഷിക്കുകയും പിന്നീട് ഓണ്‍ലൈന്‍ വഴി അത്യാവശ്യമായി പണം അയയ്ക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക.
തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും അങ്ങനെ ആരെങ്കിലും ചോദിച്ചാലോ, ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ആഴ്ചകള്‍ക്ക് മുന്‍പ് എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. പണം ചോദിച്ച് എഡിജിപിയുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശമെത്തുകയായിരുന്നു. കൊച്ചി സ്വദേശിയായ സുഹൃത്തിനാണ് 10,000 രൂപ ചോദിച്ച് സന്ദേശമെത്തിയത്. എഡിജിപിയുടെ യഥാര്‍ത്ഥ ഫേസ്ബുക് അക്കൗണ്ടിലെ അതേ പ്രൊഫൈല്‍ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരുന്നത്.