വരന്തരപ്പിള്ളി: തൃശ്ശൂർ കച്ചേരിക്കടവിൽ മാനസികവൈകല്യമുള്ള മകന്റെ അടിയേറ്റ് വയോധികയായ മാതാവ് മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. മകൻ അക്രമാസക്തനായിട്ടുപോലും വീട്ടിൽ നിന്നും മാറി താമസിക്കാതെ സംരക്ഷിക്കുകയായിരുന്നു കച്ചേരിക്കടവ് കിഴക്കൂടൻ പരേതനായ ജോസിന്റെ ഭാര്യ എൽസി (മണി 75). ഇവരെ വെള്ളിയാഴ്ച രാത്രിയോടെ അക്രമാസക്തനായ മകൻ ജോർജ്(46) ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവിനെ ഉപദ്രവിച്ച ജോർജ് തുടർന്നും അക്രമാസക്തനായി വീടിന് ചുറ്റും നടന്നിരുന്നതായി അയൽക്കാർ പറയുന്നു. പിന്നീട് ശനിയാഴ്ച രാവിലെയാണ് എൽസിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പീന്നീട് അയൽക്കാർ അറിയിച്ചതിനെ തുടർന്ന് എത്തിയ വരന്തരപ്പിള്ളി പോലീസ് ജോർജിനെ കസ്റ്റഡിയിലെടുത്തു. പോലീസിന് നേരെയും ജോർജ് അക്രമാസക്തനായി.
തലയിലും കാലിലും മരവടികൊണ്ട് അടിയേറ്റായിരുന്നു എൽസിയുടെ മരണം. ഒരു കാൽ ഒടിഞ്ഞ നിലയിലാണ്. സമീപവാസികളായ സ്ത്രീകളാണ് സംഭവം ആദ്യമറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് വീട്ടിലെത്തിയപ്പോൾ ജോർജ് മുറിക്കകത്ത് ഇരിക്കുകയായിരുന്നു. പുറത്തിറങ്ങാൻ പറഞ്ഞ പോലീസിനുനേരെയും കൈയിൽ കിട്ടിയതെല്ലാമെടുത്ത് എറിഞ്ഞും ജോർജ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസുകാരെ എറിഞ്ഞ ജോർജിനെ വരന്തരപ്പിള്ളി എസ്എച്ച്ഒ മാർട്ടിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തിയാണ് കീഴ്പ്പെടുത്തിയത്.
വരന്തരപ്പിള്ളി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ചാലക്കുടി ഡിവൈഎസ്പി. ജിജിമോന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവസ്ഥലത്തെത്തി. മറ്റു മക്കൾ: റീന, പരേതയായ ഗ്രേസി.
ദുരന്തങ്ങൾ തുടർക്കഥയായിരുന്നു എൽസിയുടെ ജീവിതം. അക്രമസ്വഭാവമുണ്ടെങ്കിലും മകനെ കൈവിടാൻ അവർ ഒരുക്കമല്ലായിരുന്നു. വർഷങ്ങൾക്ക് മുമ്പായിരുന്നു എൽസിയുടെ ഭർത്താവിന്റെ മരണം. ഏഴുവർഷം മുമ്പ് മകൾ ഗ്രേസിയും മൂന്നു മക്കളും ആത്മഹത്യചെയ്തതും തിരിച്ചടിയായി.
മകൻ അക്രമാസക്തനാണെങ്കിലും എൽസി വീട്ടിൽനിന്ന് മാറിയിരുന്നില്ല. വെള്ളിയാഴ്ച അടുത്തുള്ള കാറ്ററിങ് സ്ഥാപനത്തിൽനിന്ന് എൽസി ബിരിയാണി വാങ്ങി മകനുമൊന്നിച്ച് കഴിച്ചിരുന്നു. എന്നാൽ പിന്നീട് രാത്രിയോടെ ജോർജ് അക്രമാസക്തനായി പറമ്പിൽ നടക്കുന്നത് കണ്ടിരുന്നെന്നാണ് സമീപവാസികൾ പറയുന്നത്. രാത്രിമുഴുവൻ ഇയാളുടെ ഉറക്കെയുള്ള സംസാരവും കേട്ടിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. നിരന്തരം ബഹളം വെക്കുന്ന ആളായതുകൊണ്ട് രാത്രിയിൽ ഒച്ചയുണ്ടായത് സമീപവാസികളും കാര്യമാക്കിയില്ല. നിയന്ത്രണാതീതമാകുമ്പോൾ മാത്രം ഇവർ അടുത്തവീട്ടിൽ അഭയം തേടിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ഇതുപോലെ അക്രമാസക്തനായ ഇയാൾ സ്ഥലത്തെത്തിയ വരന്തരപ്പിള്ളി എസ്ഐ തോമസിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ഒന്നര മാസം മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയതിനുശേഷവും പലപ്പോഴും സമീപവാസികളെ ഉപദ്രവിച്ചതായും പറയുന്നു.
Discussion about this post