തൃശ്ശൂര്‍: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ടിക് ടോക് പ്രമുഖ താരത്തെ പോലീസ് കുടുക്കിയത് എറിഞ്ഞ അതേ നാണയത്തില്‍ തന്നെ. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് വിദേശത്തേയ്ക്ക് കടക്കാനായിരുന്നു വിഘ്നേഷ് കൃഷ്ണയടെ തീരുമാനം. ഈ പദ്ധതി മുന്‍കൂട്ടി കണ്ട പോലീസ് പാസ്പോര്‍ട്ട് കഥയുണ്ടാക്കുകയായിരുന്നു. പ്രതീക്ഷ തെറ്റാതെ ടിക് ടോക് പ്രമുഖനെ വലയില്‍ വീഴ്ത്തുവാനും പോലീസിന് സാധിച്ചു.
ടിക്ടോകിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും അമ്പിളി എന്ന നാമത്തിലാണ് വിഘ്നേഷ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് തൃശ്ശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിയായ 17-കാരിയുമായി ടിക്ടോക് താരമായ അമ്പിളി പരിചയത്തിലാകുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്പിളി പെണ്‍കുട്ടിയെ നേരില്‍ കാണുകയും ചെയ്തിരുന്നു.
ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, സ്വന്തം വീട്ടിലേക്ക് എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആഴ്ചകള്‍ക്ക് മുമ്പ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ശേഷം പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വീട്ടുകാരോട് വെളിപ്പെടുത്തി. പിന്നാലെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോക്സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതോടെയാണ് അമ്പിളി ഒളിവില്‍പോയത്. തൃശ്ശൂര്‍ തിരൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് യുവാവ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇതിനിടെ കോഴിക്കോട്ടുനിന്ന് വിദേശത്തേക്ക് കടക്കാനും പദ്ധതിയിട്ടിരുന്നു. ഈ സമയത്താണ് അമ്പിളി പാസ്പോര്‍ട്ടിനായി അപേക്ഷിച്ചിരുന്ന വിവരം പോലീസ് അറിഞ്ഞത്. തുടര്‍ന്ന് അമ്പിളിയുടെ പേരിലുള്ള പാസ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്ന് പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിച്ചു. ഇതില്‍ കുടുംബം കുടുങ്ങുകയായിരുന്നു.
പാസ്പോര്‍ട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ അമ്പിളിയുടെ പിതാവ് അമ്പിളിയെ ഇക്കാര്യം അറിയിക്കാന്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോയി. അമ്പിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്ന പോലീസ് സംഘം പിതാവിനെ പിന്തുടരുകയായിരുന്നു. പിന്നാലെ, തിരൂരിലെ ബന്ധുവീട്ടില്‍നിന്ന് അമ്പിളിയെ കൈയോടെ പിടികൂടി. പോക്സോ വകുപ്പുകള്‍ക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്പിളിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post