കൊച്ചി: പെട്ടന്നുള്ള കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കി എന്ന് മാത്രമല്ല ഒട്ടേറം നിര്‍ധന കുടുംബങ്ങളെ പട്ടിണിയിലാക്കി. പലരും കണ്ണു നിറച്ചാണ് ഡിപ്പോകളില്‍ നിന്നും ഇറങ്ങി പോയത്. അത്തരത്തില്‍ പലരുടേയും കഥ കഴിഞ്ഞ മണിക്കൂറുകളില്‍ കണ്ടതാണ്.
തേവര ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന കണ്ടക്ടര്‍ സുനിതയുടെ ജീവിതമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇവരുടെ ഏക ജീവിത മാര്‍ഗമാണ് ജോലി. തൃപ്പൂണിത്തുറ നടക്കാവിലാണ് സുനിതയുടെ വീട്. ഒട്ടേറെ പ്രാരാബ്ധങ്ങള്‍ക്കു നടുവിലായിരുന്നു ഈ 34 വയസ്സുകാരിയുടെ ജീവിതം.
ഞായറാഴ്ച തേവര ഡിപ്പോയില്‍നിന്ന് ഇറങ്ങുമ്പോള്‍ സ്റ്റേഷന് മാസ്റ്റര്‍ സുനിതയോടു പറഞ്ഞു, വിവരങ്ങള്‍ അറിയാല്ലോ. നാളെ മുതല്‍ ഡ്യൂട്ടിയുണ്ടാവില്ല…ഇത് കേട്ടതോടെ സുനിതയ്ക്ക് പിന്നെ ഇരിപ്പുറച്ചില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സുനിത അധ്വാനിച്ചാണ് ഏക മകളുടെയും പ്രായമായ അച്ഛന്റെയും കാര്യങ്ങള്‍ നോക്കുന്നത്.
വീട്ടുചെലവ്, ബി.കോം മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ മകളുടെ പഠനം, അച്ഛന്റെ മരുന്ന് ഇതിനൊക്കെയുള്ള പണം കണ്ടെത്തിയിരുന്നത് കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍ ജോലിയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്നു കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍ നിയമനത്തിനായി വിളിയെത്തുന്നത്.
എന്നാല്‍ ഇതിനിടെ നട്ടെല്ലിനു തേയ്മാനമായി സുനിത ചികിത്സ തേടിയിരുന്നു. ഏഴു മാസത്തിനുശേഷം വീണ്ടും ജോലിയില്‍ കയറി. തുടര്‍ച്ചയായി ഷെഡ്യൂളുകളില്‍ ജോലി ചെയ്തു. അതിനിടയ്ക്കാണ് വായ്പയെടുത്ത് ചെറിയൊരു വീടു പണിതത്. ഭവന വായ്പാ തിരിച്ചടവാണ് സുനിതയെ അലട്ടുന്ന പ്രധാന പ്രശ്നം. ഇനിയെന്ത് ചെയ്യുമെന്നറിയാതെ സങ്കടക്കടലിന് നടുവിലാണ് സുനിതയിപ്പോള്‍.
Discussion about this post