കവരത്തി: ലക്ഷദ്വീപിലെ ജനത ദ്വീപിൽ നടപ്പാക്കുന്ന നിയമങ്ങൾക്ക് എതിരെ സമരത്തിലേർപ്പെടുമ്പോൾ എല്ലാത്തിനും കാരണം കേരളമെന്ന് കുറ്റപ്പെടുത്തി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. അഡ്മിനിസ്ട്രേഷനെതിരെ ക്യാംപെയ്ൻ നടത്തുന്നത് കേരളമാണെന്ന് ദ വീക്കിന് നൽകിയ അഭിമുഖത്തിൽ പ്രഫുൽ പട്ടേൽ ആരോപിച്ചു.
ലക്ഷദ്വീപിൽ അവതരിപ്പിച്ച ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം ആരംഭിച്ചത് കേരളത്തിൽ നിന്നാണെന്നാണ് താൻ മനസ്സിലാക്കുന്നത്. ലക്ഷദ്വീപിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തുമ്പോഴും വികസന അതോറിറ്റിയെ സ്ഥാപിക്കുമ്പോഴും ദ്വീപിലെ ജനങ്ങളോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ചർച്ച ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യത്തിനാണ് പ്രഫുൽ പട്ടേൽ ഈ മറുപടി നൽകിയത്.
ബില്ലിൽ എന്തെങ്കിലും എതിർപ്പോ വിമർശനങ്ങളോ ഉണ്ടെങ്കിൽ അറിയിക്കാൻ സമയം നൽകിയിരുന്നു. നിയമപ്രകാരം പൊതുജനങ്ങൾക്ക് മുന്നിൽ ഈ ബില്ലുകൾ അവതരിപ്പച്ചിരുന്നു. നിരവധി എതിർപ്പുകളും വന്നിരുന്നു. ആ എതിർപ്പുകളെല്ലാം പഠിച്ച ശേഷമാണ് ബില്ല് കേന്ദ്രത്തിന് അയച്ചത്. ബില്ലിനെ കുറിച്ച് ആർക്കും അറിയില്ലായിരുന്നെങ്കിൽ ഈ എതിർപ്പുകൾ വരില്ലായിരുന്നല്ലോ. ഈ പുതിയ നിർദേശങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ തുടങ്ങിയത് കേരളത്തിൽ നിന്നാണെന്നാണ് താൻ മനസ്സിലാക്കുന്നത്. കേന്ദ്ര ഭരണപ്രദേശം സ്വതന്ത്രമാണ്. അഡ്മിനിസ്ട്രേഷനെതിരെയുള്ള ക്യാംപെയ്ൻ നടത്തുന്നത് കേരളമാണ്, പ്രഫുൽ പട്ടേൽ കുറ്റപ്പെടുത്തി.
Discussion about this post