കോട്ടയം: മറ്റ് സഭകളിൽ പെട്ടവരെ വിവാഹം ചെയ്തതിന്റെ പേരിൽ അംഗങ്ങളെ പുറത്താക്കുന്ന ക്നാനായ സഭയുടെ നടപടിക്ക് എതിരെ കോടതിയുടെ വിധി. ഈ വിധിയെ സ്വാഗതം ചെയ്യുകയാണ് സഭയിൽ നിന്നും പുറത്താക്കപ്പെട്ടവർ. ക്നാനായ സഭയുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കോട്ടയം അഡീഷണൽ സബ് കോടതിയുടെ വിധി മേൽക്കോടതി സ്റ്റേ ചെയ്തെങ്കിലും കോടതിയുടെ ഇടപെടൽ വിപ്ലവകരമാണെന്ന് മറ്റ് സഭയിൽ നിന്നും വിവാഹം കഴിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ടവർ പറയുന്നു.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലേറെ പേരെ മറ്റു സഭകളിൽ നിന്നും വിവാഹം കഴിച്ചതിന്റെ പേരിൽ ക്നാനായ സഭ നേതൃത്വം പുറത്താക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ. പുറത്താക്കപ്പെട്ടവർ ചേർന്ന് ക്നാനായ കത്തോലിക്ക് നവീകരണ സമിതി എന്നൊരു സംഘടനയും രൂപീകരിച്ചിരുന്നു.
ഇതിലെ അംഗങ്ങളായ സിറിയക്, ബിജു തോമസ് എന്നിവരാണ് ക്നാനായ സഭയുടെ ഭ്രഷ്ടിന് എതിരെ 2015ൽ കോടതിയെ സമീപിച്ചത്. കോട്ടയം ചുങ്കം സ്വദേശിയായ സിറിയകിനെ 46 വർഷം മുൻപാണ് സഭയ്ക്ക് പുറത്തുള്ള വ്യക്തിയെ വിവാഹം ചെയ്തതിന് പുറത്താക്കിയത്. സീറോ മലബാർ സഭയിൽ നിന്നുമാണ് സിറിയക് വിവാഹം ചെയ്തത്. പിന്നീട് 2021 ഏപ്രിൽ 30നാണ് ഹരജിക്കാർക്ക് അനുകൂലമായ കോടതി വിധി വരുന്നത്.
ഏതെങ്കിലും കത്തോലിക്ക രൂപതയിൽ പെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരിൽ ക്നാനായ സഭാംഗത്തെ സഭയിൽ നിന്നും പുറത്താക്കരുതെന്ന് കോടതി വിധിച്ചു. അത്തരത്തിൽ പുറത്താക്കൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും കോട്ടയം അതിരൂപത മെത്രോപ്പൊലീത്ത, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എന്നിവരെ വിലക്കണമെന്നും കോടതി പറഞ്ഞു.
ഇതിനിടെ, അഡീഷണൽ കോടതിയുടെ വിധിക്കെതിരെ ക്നാനായ സഭ അപ്പീൽ നൽകുകയും ജില്ലാ കോടതി ഈ വിധി സ്റ്റേ ചെയ്യുകയും ചെയ്തു. അടുത്തയാഴ്ച വീണ്ടും വിവാദം കേൾക്കും. വംശീയ സ്വത്വവും രക്തശുദ്ധിയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവാഹ നിഷ്ഠ കൊണ്ടുവന്നതെന്നാണ് ക്നാനായ സഭയുടെ വാദം. വംശശുദ്ധി നിലനിർത്തണമെന്നും അതുകൊണ്ടു തന്നെ മറ്റു വിഭാഗങ്ങളിൽ നിന്നും വിവാഹം കഴിക്കരുതെന്നും ആഹ്വാനം ചെയ്യുന്ന ക്നാനായ സഭയിലെ യുവജന സംഘടന പുറത്തിറക്കിയ ഹ്രസ്വ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
Discussion about this post