കൊല്ലം: സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് സ്വന്തം പുരയിടത്തിലെ മരം മുറിക്കാനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി മടുത്ത സാമുവലിന് ഒടുവിൽ മന്ത്രിയുടെ ഇടപെടലിൽ നീതി. സർക്കാർ വകുപ്പുകൾ ഉന്നയിച്ചിരുന്ന സാങ്കേതിക തടസങ്ങളാണ് സാമുവലിനെ മരം മുറിക്കുന്നതിൽ തടഞ്ഞിരുന്നത്.
മൂന്നു വർഷമായി ഓഫീസുകൾ കയറിയിറങ്ങിയ ഈ യുവാവിന്റെ ദുരവസ്ഥ സ്വകാര്യ ചാനലാണ് റിപ്പോർട്ട് ചെയ്തത്. ഇതുശ്രദ്ധയിൽപ്പെട്ട സംസ്ഥാന റവന്യുമന്ത്രി കെ രാജനാണ് മരം മുറിച്ചു കളയാൻ നിയമപരമായതെല്ലാം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
മന്ത്രി കെരാജൻ പറഞ്ഞതിനു പിന്നാലെ പത്തനാപുരം താലൂക്ക് ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി സാമുവലിന്റെ പുരയിടം പരിശോധിച്ച് കാര്യങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു.പരാതിയിലെ ന്യായം ബോധ്യപ്പെട്ടെന്നും മരം മുറിക്കാനുളള അനുമതി വൈകാതെ ലഭിക്കുമെന്നുമുളള ഉദ്യോഗസ്ഥർ നൽകിയ വാക്കുകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സാമുവൽ.
പട്ടയ ഭൂമിയായതിനാൽ മരം മുറിക്കാനുളള നിയമ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെങ്കിലും ഇനി ഇതിന് കാലതാമസമുണ്ടാകില്ലെന്നാണ് റവന്യു ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന ഉറപ്പ്.