തൃശ്ശൂർ: എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് കണ്ണൂർ സ്വദേശിനിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി മാർട്ടിനെ പോലീസ് പിടികൂടിയത് അതിസാഹസികമായി. കേസിന്റെ തുടക്കത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഉദാസീന സമീപനമാണ് പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. എറണാകുളത്തുനിന്നും തൃശ്ശൂരിലേക്ക് കടന്നുകളഞ്ഞ പ്രതിയെ തേടി ഷാഡോ പോലീസും നാട്ടുകാരും ഡ്രോൺ ഉപയോഗിച്ചും മറ്റും നടത്തിയ പരിശോധനയാണ് ഒടുവിൽ ലക്ഷ്യം കണ്ടത്.
പോലീസ് തിരച്ചിൽ വ്യാപകമാക്കിയതോടെ തൃശ്ശൂർ മുണ്ടൂരിലെ ചതുപ്പിലൊളിച്ച മാർട്ടിനെ പിടികൂടാൻ നാട്ടുകാരും ഒപ്പം ചേർന്നു. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിൽ വൈകാതെ മാർട്ടിൽ പിടിയിലായി. മാർട്ടിനെ പിടികൂടാൻ ആദ്യം ഇരുട്ടിൽ തപ്പിയ പോലീസിന് ഒടുവിൽ തുണയായത് സൃഹൃത്തുക്കളുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളാണ്.
മാർട്ടിനെ സഹായിച്ചത് അയാളുടെ കൂട്ടാളികളായ തൃശ്ശൂർ പാവറട്ടി സ്വദേശി പറക്കാട്ടുവീട്ടിൽ ധനീഷ്(29), പുത്തൂർ സ്വദേശി കണ്ടിരുത്തി വീട്ടി ശ്രീരാഗ്(27), മുണ്ടൂർ സ്വദേശി പരിയാടൻ വീട്ടിൽ ജോൺ ജോയ്(28) എന്നിവരാണ്. ഇവർ വ്യാഴാഴ്ച രാവിലെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. മാർട്ടിന്റെ വീടിന് അടുത്തുള്ള തൃശ്ശൂർ മുണ്ടൂരിലെ ചതുപ്പ് പ്രദേശത്താണ് പോലീസ് തിരച്ചിൽ തുടങ്ങിയത്.
ആദ്യം ഉച്ചയ്ക്ക് ഒരു ഒളിസങ്കേതത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവിടെനിന്ന് മാർട്ടിൻ രക്ഷപ്പെട്ടിരുന്നു. രാത്രിയോടെ ആളൊഴിഞ്ഞ ഒരു വീട്ടിൽ മാർട്ടിൻ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ജൂൺ എട്ടിന് കാക്കനാട്ടെ ഫഌറ്റിൽ നിന്ന് മുങ്ങിയ പ്രതി ചതുപ്പ് പ്രദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. മാർട്ടിൻ കൊച്ചിയിൽനിന്ന് തൃശ്ശൂരിലേക്ക് കടക്കാൻ ഉപയോഗിച്ച ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയായ 27കാരിയെ തടങ്കലിൽ വെച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് മാർട്ടിൻ. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചുവരുന്നതിനിടെ യുവതിയെ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. വീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തടങ്കലിലായ പെൺകുട്ടി ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് ഫ്ലാറ്റിൽ നിന്നും ഒടി രക്ഷപ്പെടുകയായിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും തുടക്കത്തിൽ പോലീസ് കേസ് പരിഗണിച്ചില്ല.
Discussion about this post