പാലക്കാട്: വീട്ടുകാര്‍ പോലുമറിയാതെ യുവാവ് പത്തുവര്‍ഷം കാമുകിയെ വീട്ടിലെ മുറിയില്‍ ഒളിച്ചു താമസിപ്പിച്ച വാര്‍ത്തയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. സംഭവം പുറത്തു വന്നതിനു പിന്നാലെ റഹ്മാനമെയും സജിതയെയും രമ്യ ഹരിദാസ് എംപി സന്ദര്‍ശിച്ചു.
സജിത ജീവിച്ച സാഹചര്യം ചിന്തിക്കുന്നതിനപ്പുറത്താണെന്നും എന്നിരുന്നാലും ഇനി പുറംലോകത്ത് ജീവിക്കാനുള്ള ഇരുവരുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും രമ്യ ഹരിദാസ് പറഞ്ഞു. സജിതയ്ക്കും റഹ്മാനുമൊപ്പമുള്ള ചിത്രം രമ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
‘സജിതയും റഹ്മാനും ഇനി സമൂഹത്തില്‍ ഒന്നിച്ച് ജീവിക്കട്ടെ.എല്ലാവരും കണ്ടും അറിഞ്ഞും തന്നെ. കഥകളെയും സിനിമകളെയും വെല്ലുന്ന അതിശയവും അത്ഭുതവും നിറഞ്ഞ പത്തുവര്‍ഷത്തെ കഠിനമായ ജീവിതം അവസാനിച്ചിരിക്കുന്നു..സാജിദയ്ക്കും റഹ്മാനും ആശംസകള്‍..,’ രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
‘പത്തു വര്‍ഷം ഒരു പെണ്‍കുട്ടി ഒരു റൂമിനുള്ളില്‍ ഇരിക്കുന്നതിന്റെ എല്ലാ പ്രയാസങ്ങളും എന്തായിരിക്കുമെന്ന് നമുക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിനപ്പുറത്താണ്. അന്ന് അങ്ങനെയൊരു സാഹചര്യം ആയിരുന്നു. ഇന്ന് ആ സാഹചര്യമല്ല. ഇപ്പോള്‍ മൂന്നു മാസമായി അവര്‍ ഒരുമിച്ച് പുറംലോകത്ത് തന്നെ ജീവിക്കാന്‍ തീരുമാനമെടുത്തില്‍ സന്തോഷം,’ ഇരുവരെയും സന്ദര്‍ശിച്ചതിന് ശേഷം രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് അയിലൂരിലാണ് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം നടന്നത്. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന് റഹ്മാനാണ് (34) സമീപവാസിയായ സജിതയെ (28) അസൗകര്യങ്ങള്‍ നിറഞ്ഞ വീട്ടില്‍ മറ്റാരുമറിയാതെ വര്‍ഷങ്ങളോളം താമസിപ്പിച്ചത്.
പത്ത് വര്‍ഷം മുന്‍പ് 24കാരനായ റഹ്മാന് 18 കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ റഹ്മാനൊപ്പം വീടുവിട്ടിറങ്ങിയ സജിത 2010 ഫെബ്രുവരി മുതല്‍ ആരോരുമറിയാതെ റഹ്മാന്റെ മുറിയില്‍ ജീവിച്ച് വരികയായിരുന്നു. റഹ്മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ ചെറിയ വീട്ടീല് ശൗചാലയം പോലുമില്ലാത്ത മുറിയിലായിരുന്നു കഴിഞ്ഞുവന്നത്.
സജിതയുടെ തിരോധാനത്തിന് പിന്നാലെ നടന്ന പോലീസ് അന്വേഷണത്തിന്റെ ഭാഗമായി റഹ്മാനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നില്ല. യുവാവ് കാമുകിയെ 10 വര്‍ഷത്തോളം മുറിയില്‍ ഒളിപ്പിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
Discussion about this post