ആലപ്പുഴ: ക്ലാസുകൾ ഓൺലൈൻ വഴി ആക്കിയതിനാൽ ഫീസ് ഇളവിനായി രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിന്റെ പേരിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ പഠനം നിഷേധിച്ചതായി പരാതി. ഇക്കൊല്ലം ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച മൂന്ന് വിദ്യാർത്ഥികൾക്കാണ് കായംകുളം വേലൻചിറ ജനശക്തി പബ്ലിക് സ്കൂൾ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നത്.
എന്നാൽ ഫീസിന്റെ പേരിൽ നവമാധ്യമങ്ങളൂടെയടക്കം സ്കൂളിനെ നിരന്തരം അപമാനിച്ചതിനാൽ അധ്യാപകർ ഉൾപ്പെടെ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ജൂൺ രണ്ടിന് മറ്റ് കുട്ടികൾ ഓൺലൈനിൽ പഠനം തുടങ്ങിയപ്പോൾ മുതൽ ഈ കുട്ടികൾ പരിധിക്ക് പുറത്താണ്.
ഇവർ പഠിക്കുന്ന ജനശക്തി പബ്ലിക് സ്കൂളിൽ കോവിഡ് കാലത്തും അമിത ഫീസ് വാങ്ങുന്നുവെന്ന പരാതിയുമായി കഴിഞ്ഞ വർഷം രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാന പരാതികൾ ഒന്നിച്ച് തീർപ്പാക്കിയ കോടതി, 15 മുതൽ 25 ശതമാനം വരെ ഫീസ് ഇളവ് നൽകണമെന്ന ഉത്തരവും നൽകി. കോടതി കയറി ഫീസ് കുറപ്പിച്ചതിന്റെ പ്രതികാരമായാണ് ഈ വർഷം കുട്ടികൾക്ക് പഠനം നിഷേധിച്ചതെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
കോടതി പറഞ്ഞ ഫീസ് പൂർണ്ണമായും കഴിഞ്ഞ അധ്യയന വർഷം ഇവർ അടച്ചിരുന്നു. എന്നാൽ സ്കൂളിനെയും അധ്യാപകരെയും നവമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിച്ചെന്നും, മറ്റ് രക്ഷിതാക്കളോട് ഒരു ഫീസും അടയ്ക്കരുതെന്ന് നിർബന്ധിച്ചതായും പ്രിൻസിപ്പാൾ ആർ സജീവൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കുട്ടികളെ പുതിയ ക്ലാസിൽ പ്രവേശിപ്പിക്കുന്നതിനോട് താൽപ്പര്യം ഇല്ലെന്ന് മുഴുവൻ അധ്യാപകരും ഒന്നിച്ച് തീരുമാനമെടുതാണെന്ന് മാനേജ്മെന്റും വ്യക്തമാക്കി.
Discussion about this post