കണ്ണൂർ: ജെആർപി നേതാവ് പ്രസീത താനുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ സുരേന്ദ്രന്റെ ആരോപണം അപ്രസക്തമെന്ന് പി ജയരാജൻ. പ്രസക്തമായത് പ്രസീതയുടെ വെളിപ്പെടുത്തലുകളാണ്. അതിന് കെ സുരേന്ദ്രൻ മറുപടി പറയണമെന്നും തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രൻ ഇപ്പോൾ നടത്തുന്ന ആക്ഷേപങ്ങളെന്നും ജയരാജൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിച്ചെന്ന ആക്ഷേപത്തിന് മറുപടി പറയാൻ ബാധ്യസ്ഥനായ സുരേന്ദ്രൻ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇതുകൊണ്ടൊന്നും ബിജെപി രക്ഷപ്പെടാൻ പോവുന്നില്ല. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യത്തിന് പകരം പണാധിപത്യമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. ആർഎസ്എസിനും ഇക്കാര്യത്തിൽ പങ്കുണ്ട്.
പ്രസീത ഗൗരവതരമായ ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് സുരേന്ദ്രനാണ്. പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയതിന് കെ സുരേന്ദ്രൻ തെളിവുമായി വരുമ്പോൾ മറുപടി പറയാമെന്നും പി ജയരാജൻ പറഞ്ഞു.