അഞ്ചൽ: കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര(28)യാണ് മരിച്ചത്. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) എന്ന യുവാവും പൊള്ളലേറ്റ് ചികിത്സയിലാണ്.
ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്.
ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നുമാണ് യുവതിയുടെ മൊഴി. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ദേഹത്തു തീ പടർന്ന് വീട്ടിൽ ഓടുന്ന ആതിരയെയാണ് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരേയും അഞ്ചൽ പോലീസ് ആശുപത്രിയിൽ എത്തിച്ചത്.
ആതിരയും ഷാനവാസും രണ്ടു വർഷമായി ഒന്നിച്ചുകഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. ആതിരയും ഷാനവാസും നേരത്തേ വേറെ വിവാഹം കഴിച്ചിരുന്നു. അതിൽ ഇരുവർക്കും രണ്ടു കുട്ടികൾ വീതമുണ്ട്.
Discussion about this post