‘നാട്ടിൽ കലാപവും കൊലപാതകവും അഴിച്ചു വിട്ട് കുഴൽപ്പണകേസിൽ നിന്നും ശ്രദ്ധതിരിക്കണം’; ഉപദേശിച്ച് ടിജി മോഹൻദാസ്; ചോരക്കൊതി പൂണ്ട അധോലോക നായകനെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: നാട്ടിൽ കലാപം സൃഷ്ടിക്കണമെന്ന് സംഘപരിവാറിനെ ഉപദേശിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിന് എതിരെ മുൻമന്ത്രി ടിഎം തോമസ് ഐസക്ക്. ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണകവർച്ചാകേസിൽ നിന്നും ജനശ്രദ്ധതിരിക്കാനായി നാട്ടിൽ കലാപവും കൊലപാതകങ്ങളും സൃഷ്ടിക്കണമെന്ന് ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ ഉപദേശിച്ച ടിജി മോഹൻദാസ് ചോരക്കൊതി പൂണ്ട അധോലോക നായകനാണെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്:

കുഴൽപ്പണക്കേസിൽ നിന്ന് തലയൂരാൻ വെടികൊണ്ട പന്നിയെപ്പോലെ പായുന്ന ബിജെപി നേതാക്കൾക്ക് ടി.ജി മോഹൻദാസ് ഓതിക്കൊടുത്ത ഉപായം, ആ പാർടിയുടെ മാഫിയാ സ്വഭാവത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ ബൗദ്ധികവിഭാഗം സംസ്ഥാന കൺവീനറാണത്രേ മോഹൻദാസ്. കുഴൽപ്പണവിവാദത്തിലെ കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ജനവിശ്വാസം ആർജിക്കണമെന്നല്ല ബുദ്ധിശാലി ഉപദേശിച്ചുകൊടുക്കുന്നത്. മറിച്ച് നാട്ടിൽ കലാപവും കൊലപാതകവും അഴിച്ചു വിട്ട് എത്രയും വേഗം വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കണമെന്നാണ്. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകളല്ല നാം കേട്ടത്. മറിച്ച് ചോരക്കൊതി പൂണ്ട ഒരു അധോലോക നായകന്റെ ഭ്രാന്തൻ പദ്ധതികളാണ്. അദ്ദേഹത്തിന് എത്രയും വേഗം കുഞ്ഞുസ്‌ഫോടനങ്ങളെ അപ്രസക്തമാക്കുന്ന മെഗാ സ്‌ഫോടനങ്ങൾ വേണം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. പകരം ഒരു പല്ല് പറിക്കുന്നവരുടെ താടി അടിച്ചു പൊട്ടിക്കണം. ഡിസ്പ്രപ്പോഷണേറ്റ് റിട്ടാലിയേഷൻ എന്നും ഇംഗ്ലീഷ് പ്രയോഗവും നടത്തിയിട്ടുണ്ട്. അനുപാതം കവിഞ്ഞ തിരിച്ചടി എന്ന് തർജമ ചെയ്യാം, ആ പ്രയോഗത്തെ. അതിനുള്ള ആയുധങ്ങൾ ആവോളം കൈയിലുണ്ടത്രേ.
അന്തംവിട്ടാൽ എന്തും ചെയ്യുന്ന പ്രതിയുടെ ഭ്രാന്തുപിടിച്ച അവസ്ഥയിലേയ്ക്ക് ബിജെപി നേതൃത്വം നിലം പതിച്ചു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട യുവമോർച്ചക്കാർ പങ്കെടുത്ത ക്ലബ്ബ്ഹൗസ് യോഗത്തിലാണ് ഈ ആഹ്വാനം എന്ന് ഓർക്കുക. ഏതോ കില്ലർ സ്‌ക്വാഡുകൾക്കുള്ള കൽപന തന്നെയാണിത്. വീര്യം നഷ്ടപ്പെട്ട അണികളെ ഉത്തേജിപ്പിക്കാൻ കുരുതിയ്ക്കുള്ള ആഹ്വാനം. അനുപാതം കവിഞ്ഞു നിൽക്കണം പ്രതികാരം എന്നു കൽപ്പിക്കുന്നതിലൂടെ സാധാരണ പ്രവർത്തകരെയൊന്നുമാവില്ല ഉന്നം വെയ്ക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾക്കുള്ള പച്ചയായ ആഹ്വാനമായിത്തന്നെയാണ് നിയമസംവിധാനം ഈ ശബ്ദരേഖയെ കണക്കിലെടുക്കേണ്ടത്.
2016ലെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ കണ്ണൂരിനെ ചോരക്കളമാക്കാൻ ആർഎസ്എസ് നടത്തിയ കളികളാണ് ഈ ഘട്ടത്തിൽ ഓർമ്മ വരുന്നത്. എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിലേയ്ക്ക് ബോംബെറിഞ്ഞാണ് സഖാവ് രവീന്ദ്രനെ വകവരുത്തിയത്. തൊട്ടുപിന്നാലെ സ. സി.വി ധനരാജിന്റെ കൊലപാതകം. അതിനുപിന്നാലെ സഖാവ് മോഹനന്റെ കൊലപാതകം. അടുപ്പിച്ചടുപ്പിച്ച് മൂന്നു കൊലപാതകങ്ങളാണ് അവർ നടത്തിയത്.
അതിൽ സ. ധനരാജിന്റെ കൊലയാളികളിൽ പാറശാല പരശുവയ്ക്കൽ സ്വദേശിയും ഉണ്ടായിരുന്നു. പാറശാലക്കാരന് കണ്ണൂരുകാരനോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട ഒരു കാര്യവുമില്ല. ധനരാജ് കൊലപാതകം ആസൂത്രണം ചെയ്തത് ഈ പാറശാല സ്വദേശിയാണ്. ഇത്തരത്തിൽ ഇരയെ തെരഞ്ഞെടുക്കാനും കൊല ആസൂത്രണം ചെയ്യാനും പ്രത്യേകം ചുമതലപ്പെടുത്തപ്പെട്ട കാര്യവാഹകന്മാർ ആർഎസ്എസിലുണ്ട് എന്ന് സംശയലേശമെന്യെ സമൂഹത്തിന് ബോധ്യമായത് ഈ കൊലപാതകത്തിലെ പാറശാല സ്വദേശിയുടെ സാന്നിധ്യത്തിലൂടെയാണ്. ഇത്തരം ക്രിമിനലുകൾ ഉൾപ്പെട്ടിരുന്ന യോഗത്തിലാണോ ടി.ജി മോഹൻദാസിന്റെ ആഹ്വാനം എന്ന് സംസ്ഥാന പോലീസും ഇന്റലിജൻസ് വിഭാഗവും ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, വി.വി രാജേഷ് തുടങ്ങിയവരൊക്കെ സന്നിഹിതരായിരുന്ന ക്ലബ്ബ്ഹൗസ് യോഗത്തിലാണ് മോഹൻദാസ് തന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങൾ ഇനി നാം പ്രതീക്ഷിക്കുക തന്നെ വേണം. സംസ്ഥാനത്ത് നിലവിൽ യാതൊരു രാഷ്ട്രീയസംഘർഷവും നിലനിൽക്കുന്നില്ല. ഈ ഘട്ടത്തിൽ ഏതെങ്കിലും തരത്തിലുള്ള അക്രമം ആർഎസ്എസിന്റെ ഭാഗത്തു നിന്നുണ്ടായാൽ അത് ഈ യോഗതീരുമാനം അനുസരിച്ചായിരിക്കുമെന്ന് വ്യക്തം.
കുഴൽപ്പണക്കേസ് ബിജെപി സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിച്ഛായയെ പൂർണ്ണമായും തകർക്കും. ബിജെപിയുടെ വോട്ട് ശതമാനം 2016 തെരഞ്ഞെടുപ്പുവരെ അനുക്രമമായി വർദ്ധിച്ചുവന്നത് താഴ്ന്നുതുടങ്ങി. ഈ ഇടിവിന് കുഴൽപ്പണം ആക്കം കൂട്ടും. ഇത് എത്രമാത്രം അവരെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ക്ലബ്ബ്ഹൗസിലെ അവരുടെ കൂടിച്ചേരലിലെ വർത്തമാനങ്ങൾ. ഇവിടെ നടക്കുന്ന ചർച്ചകൾ രഹസ്യമല്ല, പബ്ലിക് ഡൊമൈനിൽ പങ്കെടുക്കുന്ന ഒരാൾക്കു ലഭ്യമാക്കാനാവും എന്നുപോലും ഈ നേതാക്കൻമാർക്കു തിരിച്ചറിവില്ലാതെ പോയിയെന്നതും വിസ്മയകരമാണ്.

Exit mobile version