തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനായി സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന പ്രസീതയുടെ ആരോപണം ശരിവച്ച് നിർണായക തെളിവ് പുറത്ത്. സികെ ജാനുവിന് പണം കൈമാറിയതായി പ്രസീത പറയുന്ന ഹോട്ടലിൽ അതേ ദിവസം സികെ ജാനുവും പ്രസീത അഴീക്കോടും താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടൽ ബിൽ രേഖകൾ പുറത്തെത്തി. ബിജെപി സംസ്ഥാന കമ്മിറ്റിയാണ് റൂം എടുത്ത് നൽകിയതെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കൊടകര കുഴൽപ്പണക്കേസിനൊപ്പം ബിജെപിയെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു സികെ ജാനുവിന് കോഴ നൽകിയെന്നത്. എൻഡിഎ സ്ഥാനാർത്ഥിയാകാൻ സികെ ജാനുവിന് കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്നാണ് പ്രസീത അഴീക്കോടിന്റെ ആരോപണം. മാർച്ച് ഏഴാം തീയതി സുരേന്ദ്രൻ ആവശ്യപ്പെട്ട പ്രകാരം തിരുവനന്തപുരത്തെ ഹോട്ടലിൽ എത്തി നേരിട്ട് പണം കൈപ്പറ്റിയെന്നാണ് ആരോപണം. അതിന് ഒരു ദിവസം മുൻപ്, ആറാം തീയതി ഹോട്ടലിൽ എത്തിയ സികെ ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. അതും പ്രസീത ആരോപിക്കുന്ന 503-ാം നമ്പർ റൂമിൽ തന്നെ.
ഹോട്ടൽ റൂം എടുത്ത് പ്രസീതയോ സികെ ജാനുവോ നേരിട്ടല്ല. ബിജെപി സംസ്ഥാന കമ്മിറ്റിയാണ് റൂം എടുത്ത് നൽകിയതും പണം അടച്ചതും. ഇതോടെ ഇവർ വന്നത് ബിജെപി വിളിച്ചിട്ടാണെന്ന് ഉറപ്പാവുകയും ചെയ്തു. ഇനി ഇതേ ദിവസം ഇവിടെ സുരേന്ദ്രൻ ഉണ്ടായിരുന്നോയെന്നത് മാത്രമാണ് തെളിയാനുള്ളത്. അതറിയാൻ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ആശ്രയമെങ്കിലും രണ്ട് മാസത്തോളമായതിനാൽ ദൃശ്യങ്ങൾ നഷ്ടമായെന്നാണ് ഹോട്ടലുകാർ പറയുന്നത്.
Discussion about this post