പാലക്കാട്: വീട്ടുകാര്‍ക്ക് യാതൊരു സംശയം തോന്നാതെ കാമുകിയെ 10 വര്‍ഷത്തോളം ആരുമറിയാതെ സ്വന്തം വീട്ടിനുള്ളില്‍ താമസിപ്പിച്ച ഒരു യുവാവിന്റെ വാര്‍ത്ത കേട്ട ഞെട്ടലിലാണ് കേരളക്കര. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന് റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ ഇത്രയും കാലം ഒളിപ്പിച്ചത്.
പലര്‍ക്കും ഈ സംഭവം കേട്ട് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആ വിചിത്ര സംഭവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് വാര്‍ഡ് മെമ്പര്‍ പുഷ്പാകരന്‍. മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയ സജിതയെന്ന പെണ്‍കുട്ടിയെ 2010ലാണ് കാണാതാവുന്നതെന്ന് പുഷ്പാകരന്‍ ഒരു മാധ്യമത്തോടായി പറഞ്ഞു.
സജിതയെ കാണാതായതോടെ വീട്ടുകാര്‍ ഒരുപാട് തിരഞ്ഞു. എന്നാല്‍ ഫലമുണ്ടായില്ല. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെന്മാറ പൊലിസ് തലങ്ങും വിലങ്ങും അന്വേഷണം ഊര്‍ജിതമാക്കി. ഒരു തുമ്പും വാലും കണ്ടെത്താനായില്ല.
സംശയാസ്പദമായ സാഹചര്യങ്ങളൊന്നും അന്നുണ്ടായില്ല. പല കേസുകളും പോലെ ആ മിസ്സിംഗ് കേസും ആ പെണ്‍കുട്ടിയും എല്ലാവരുടെയും ഓര്‍മയില്‍ നിന്നും മാറി. സജിത മരിച്ചുവെന്ന് വീട്ടുകാര്‍ വിശ്വസിക്കാന്‍ തുടങ്ങി. അതാണ് യാഥാര്‍ത്ഥ്യമെന്ന് കരുതി വീട്ടുകാര്‍ അതിനോട് പൊരുത്തപ്പെട്ടു.
എന്നാല്‍ 10 വര്‍ഷങ്ങള്‍ക്കിപ്പുറം വമ്പന്‍ ട്വിസ്റ്റാണ് സംഭവിക്കുന്നത്. 3മാസം മുന്‍പ് കാണാതായ റഹിമാന്‍ എന്ന യുവാവിനെ സഹോദരന് ബഷീര്‍ ഇന്നലെ നെന്മാറയില് വെച്ച് കാണുന്നു. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന റഹിമാന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ ബഷീറിനെ കണ്ടതും വേഗത കൂട്ടി .
പിന്നാലെ ബഷീറും. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നെന്മാറയില് പരിശോധന നടക്കുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു നിന്ന പൊലിസുകാരോട് ആ ബൈക്ക് യാത്രികന്റെ പേരില്‍ ചില കേസുകളുണ്ടെന്നും പിടിക്കണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു.
അങ്ങനെ പൊലിസ് റഹിമാനെ പിടികൂടി കാര്യങ്ങള്‍ തിരക്കി. നിങ്ങളെന്നെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലേ എന്നു ചോദിച്ച് റഹിമാന്‍ ബഷീറിനോട് കയര്‍ത്തു. വീട്ടില്‍ നിന്നിറങ്ങി പോയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ എനിക്കൊരു പെണ്ണുണ്ട്, വിത്തനശേരിയില്‍ വാടയ്ക്കു താമസിക്കുകയാണെന്ന് മറുപടിയും പറഞ്ഞു.
ഇതിന് ശേഷമാണ് 10വര്‍ഷത്തോളമായി നടന്ന സംഭവങ്ങള്‍ റഹ്മാന് പുറത്തുപറഞ്ഞത്. പ്രണയത്തിലായിരുന്ന സജിതയും റഹ്മാനും വിവാഹിതരവാന്‍ തീരുമാനിക്കുകയായിരുന്നു. കാണാതായ അന്ന് സജിതയെ താലി കെട്ടി റഹിമാന്‍ അന്നു രാത്രി സ്വന്തം വീട്ടിലെ സ്വന്തം മുറിയില്‍ താമസിപ്പിച്ചു.
അങ്ങനെ ഒളിവുജീവിതം ആരംഭിക്കുകയായിരുന്നു. ഇലക്ട്രിക് കാര്യങ്ങളില്‍ അഗ്രഗണ്യനായ റഹിമാന്‍ മുറിയ്ക്കകത്തും പുറത്തും പുതിയ ചില സിസ്റ്റങ്ങള്‍ ഘടിപ്പിച്ചു. ഒരു സ്വിച്ചിട്ടാല്‍ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പല്‍ ഘടിപ്പിച്ചു. രണ്ടു വയറുകള്‍ മുറിയ്ക്ക് പുറത്തേക്കിട്ടു.
മാനസിക വിഭ്രാന്തിയുള്ളപോലെ വീട്ടുകാരോട് പെരുമാറി. തന്റെ കാര്യങ്ങള്‍ താന്‍ നോക്കും ഒന്നിലും ഇടപെടേണ്ട എന്ന മട്ടിലായി കാര്യങ്ങള്‍. മുറിയ്ക്ക് പുറത്തേക്കിട്ട വയറുകള്‍ തൊട്ടാല്‍ ഷോക്കടിക്കും എന്നു ഭീഷണിപ്പെടുത്തി. ഒന്നു രണ്ടു കുടുംബാംഗങ്ങള്‍ക്ക് ഷോക്കടിച്ച സംഭവവുമുണ്ടായി.
ജനല്‍ അഴി കട്ട് ചെയ്ത് ഇളക്കി മാറ്റി മരത്തിന്റെ തടി ഘടിപ്പിച്ചു. വാതിലിനു പുറകിലായി ഒരു ടീപോയ് ചേര്‍ത്തുപിടിപ്പിച്ചു. കുടുംബത്തൊടൊപ്പമിരുന്ന് ഇന്നു വരെ ഭക്ഷണം കഴിയ്ക്കാന്‍ റഹിമാന്‍ തയ്യാറായിരുന്നില്ല. ആവശ്യമായത് പ്ലേറ്റില്‍ വിളമ്പി മുറിയില്‍ കൊണ്ടുചെന്ന് സജിതയ്ക്കൊപ്പമിരുന്ന് കഴിക്കും.
ഒരു ഗ്ലാസ് ചായയല്ല, ഒരു ജഗ്ഗ് ചായ കുടിക്കുന്നവനാണ് താനെന്ന് പറഞ്ഞ് ജഗ്ഗില്‍ ചായഎടുത്തു കൊണ്ടു പോകും. മാനസിക നില തെറ്റിയ മകനെന്ന പരിഗണന ബാപ്പയും ഉമ്മയും നല്കി. അത് റഹിമാന്‍ തരംപോലെ മുതലാക്കുകയും ചെയ്തു. ആരും ശാസിക്കാനോ ശിക്ഷിക്കാനോ പോയില്ല.
മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഒരേ സമയം ജീവിച്ചു. വീടിനു പുറത്തിറങ്ങുമ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയിടും .മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി.
മകള്‍ മരിച്ചെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ആ മാതാപിതാക്കള്‍ക്കും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും എന്നാല്‍ ഇത്രയും കാലം വെറും നുറു മീറ്റര്‍ അപ്പുറത്ത് കണ്മുന്നില് നിന്നകന്നു ജീവിച്ചതിന്റെ പരിഭവവും ഉണ്ട് അവര്‍ക്ക്.
എന്നാലും ഇത്രയും കാലം ഇതെങ്ങനെ ആ കൊച്ചുവീട്ടില്‍ ഒളിച്ചുകഴിഞ്ഞുവെന്നാണ് വാര്‍ത്ത കേട്ടവരെല്ലാം ചോദിക്കുന്നത്. വീട്ടുകാരോട് പറഞ്ഞാല്‍ തീരാവുന്ന കേസല്ലേ ഉള്ളൂ, എന്നിട്ടും എന്തിന് ജീവിതത്തിലെ മനോഹരമായ 10 വര്‍ഷങ്ങള്‍ ഇങ്ങനെ കളഞ്ഞുവെന്നതിന്റെ ഉത്തരം റഹിമാനില്‍ നിന്നും സജിതയില്‍ നിന്നും കേള്‍ക്കാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാരും ഇപ്പോള്‍ കേരളക്കരയും.
Discussion about this post