കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രന് വേണ്ടി ശക്തമായി വാദിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഇപ്പോൾ നടക്കുന്നത് സുരേന്ദ്ര വേട്ടയുടെ രണ്ടാം പർവമാണെന്നും നിയമത്തെ വ്യഭിചരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുക്കുമെന്നും രമേശ് പറഞ്ഞു.
സർക്കാരിനെതിരായ പ്രതിഷേധ പരിപാടിക്ക് നാളെ തുടക്കം കുറിക്കും സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരജ്വാലയ്ക്ക് തുടക്കം കുറിക്കുമെന്നും എംടി രമേശ് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പ്രതിക്കൂട്ടിലാക്കി ബിജെപിയെ ആണ് ഇവർ ലക്ഷ്യമിടുന്നത്. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി അധ്യക്ഷന്റെ മകനെ പോലും മാധ്യമങ്ങളിൽ വലിച്ചഴിച്ച് നാണം കെട്ട കളിക്ക് നേതൃത്വം കൊടുക്കുമ്പോൾ ഇത് ഇന്ത്യയാണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും എംടി രമേശ് പറഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് സംഘടിതമായ അക്രമത്തിനാണ് മുഖ്യമന്ത്രി മുതിർന്നത്. ഇതിന് അദ്ദേഹം മാപ്പ് പറയണം. ബിജെപി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുഴൽപണം ഉപയോഗിച്ചുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും രമേശ് ചോദിച്ചു.
ബിജെപി കുഴൽപ്പണ ആരോപണവുമായി ബന്ധപ്പെട്ട് ബിജെപിയെ ഒരു തരത്തിലും ബന്ധപ്പെടുത്താൻ കഴിയില്ലെന്നത് കണ്ടാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇടപെട്ടുവെന്ന് പറഞ്ഞ് കെ സുരേന്ദ്രനെ ജാമ്യമില്ലാ കേസിൽ കുടുക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാർ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത് എന്നത് ഓർക്കണമെന്നും എംടി രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് പോലും അറിയാം ഒന്നും നടക്കില്ലെന്ന്. അതുകൊണ്ടാണ് നിയമസഭയിൽ പോലും ഒന്നും പറയാത്തതെന്നും എംടി രമേശ് പറഞ്ഞു.
Discussion about this post