രണ്ട് ദിവസത്തെ തെരച്ചിലിന് അവസാനം; മണിമലയാറ്റില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

കോട്ടയം; രണ്ട് ദിവസത്തെ തെരച്ചിലിന് ഒടുവില്‍ മണിമലയാറ്റില്‍ ചാടിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. കോട്ടയം മൂന്നാനി തടയണയ്ക്ക് സമീപത്ത് നിന്ന് രാവിലെ ഏഴരയോടെയാണ് പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. മണിമലപ്പാലത്തില്‍ നിന്ന് ഏതാണ്ട് അരക്കിലോമീറ്റര്‍ മാറിയാണ് മൂന്നാനി തടയണയുള്ളത്.

ഈരാറ്റുപേട്ട ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ദ്ധരും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രകാശ് മണിമല പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ഇതുകണ്ട ഇതര സംസ്ഥാന തൊഴിലാളി ആറ്റിലേയ്ക്ക് ചാടി തെരച്ചില്‍ നടത്തിയെങ്കിലും പ്രകാശിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രകാശിന്റെ ഐ.ഡി കാഡും ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങളും പാലത്തില്‍വെച്ചായിരുന്നു ജിവനൊടുക്കാന്‍ ആറ്റില്‍ ചാടിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി നാട്ടുകാരും ഫയര്‍ഫോഴ്സും പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version