തിരുവനന്തപുരം: പടിയിറങ്ങും മുന്‍പേ ജീവനക്കാരുടെ ശമ്പളംവര്‍ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെ ജീവനക്കാര്‍ക്കാണ് ചെറിയ ശമ്പളവര്‍ധനവ് വരുത്തിയത്. ആയിരം രൂപയാണ് ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ചത്. കോവിഡ് കാലത്ത് രോഗവ്യാപനം കണക്കിലെടുക്കാതെ ജോലിക്കുവന്നവര്‍ക്ക് നേരത്തേ അദ്ദേഹം 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു.
എ.ഐ.സി.സി.യോട് മുല്ലപ്പള്ളിയുടെ കാലത്ത് പ്രവര്‍ത്തന ഫണ്ട് ചോദിച്ചിരുന്നില്ല. അദ്ദേഹം നടത്തിയ കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് നടത്തിപ്പിനായി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവെക്കാനും സാധിച്ചിട്ടുണ്ട്. ഏതുനിമിഷവും പുതിയ പ്രസിഡന്റ് സംബന്ധിച്ച പ്രഖ്യാപനം വരാമെന്നതിനാല്‍ അദ്ദേഹം വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
പ്രഖ്യാപനം വന്നപ്പോള്‍ത്തന്നെ സുധാകരനെ വിളിച്ച് അഭിനന്ദിക്കുകയും ചുമതല ഏറ്റെടുക്കുന്നത് എപ്പോഴെന്നു തിരക്കുകയുംചെയ്തിരുന്നു. ഓഫീസിലുള്ള ഗാന്ധിപ്രതിമയില്‍ വണങ്ങിയാണ് മുല്ലപ്പള്ളി കെപിസിസിയുടെ പടിയിറങ്ങിയത്. പാര്‍ട്ടിയുടെ കാര്‍ തിരിച്ചേല്‍പ്പിച്ച് വീട്ടില്‍നിന്നു വരുത്തിയ സ്വന്തം അംബാസഡര്‍ കാറിലായിരുന്നു മടക്കയാത്ര.