കവരത്തി: കോവിഡ് ലോക്ക്ഡൗൺ കാരണം ഉപജീവനം വഴിമുട്ടിയിരിക്കുന്ന ലക്ഷദ്വീപിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി. ദ്വീപ് ജനതയ്ക്ക് ഭക്ഷ്യകിറ്റ് നൽകാൻ അഡ്മിനിസ്ട്രേറ്ററോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗം അഡ്വ കെകെ നാസിഫാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനവും തുടർന്ന് പ്രഖ്യാപിക്കപ്പെട്ട അടച്ചിലിലും ദ്വീപ് ജനതയുടെ 80 ശതമാനത്തിന്റെയും ഉപജീവനം അനിശ്ചിതത്വത്തിലാക്കിയെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
ഇതിനിടെ കോവിഡ് വ്യാപനം കനത്തതോടെ ലക്ഷദ്വീപിലെ സമ്പൂർണലോക്ക്ഡൗൺ ഏഴ് ദിവസത്തേക്ക് കൂടി നീട്ടി. ഇതനുസരിച്ച് നിയന്ത്രണങ്ങൾ ജൂൺ 14 വരെ തുടരും. അവശ്യസാധനങ്ങൾക്ക് ലഭ്യമാവുന്ന കടകൾ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 4 മണിവരെ പ്രവർത്തിക്കാം.
നിലവിൽ 1005 ആക്ടിവ് കൊവിഡ്19 രോഗികളാണ് ദ്വീപിലുള്ളത്. മറ്റ് ദ്വീപുകളെ താരതമ്യപ്പെടുത്തുമ്പോൾ കവരത്തി, കൽപേനി, ആന്ത്രോത്ത്, അമിനി, മിനികോയ്, ബിത്ര ദ്വീപുകളിലാണ് താരതമ്യേന കോവിഡ്19 രോഗികൾ കൂടുതലുള്ളത്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കവരത്തിയിൽ ആണ്(484). അഗതി(16), അമിനി (51), കട്മത്(14), കിൽടൻ(21), ചെത്ലത്(14), ആന്ത്രോത്ത് (188), മിനികോയ് (123), ബിത്ര (70) എന്നിങ്ങനെയാണ് ബുധനാഴ്ച കോവിഡ്19 രോഗികളുടെ എണ്ണം.
Discussion about this post