തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കാലത്ത് നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസ് പുനഃരാരംഭിക്കാൻ തീരുമാനമെടുത്തതിന് എതിരെ ആരോഗ്യവകുപ്പ് രംഗത്ത്. സർവീസ് ഉടൻ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെഎസ്ആർടിസി സിഎംഡിക്കും കത്തയച്ചു.
കോവിഡ് രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി സർവീസ് തുടങ്ങുന്നതിനെതിരേ ആരോഗ്യവകുപ്പിന്റെ നടപടി. സർവീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടത്.
കെഎസ്ആർടിസി ദീർഘദൂര സർവീസ് യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ ബുധനാഴ്ച മുതൽ പുനഃരാരംഭിക്കുമെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നത്. ആരോഗ്യവകുപ്പ് എതിർപ്പ് അറിയിച്ചതിനാൽ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.
Discussion about this post