പറവൂര്‍: കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി സ്നേഹ ചന്ത. ഇവിടെയുള്ള സാധനങ്ങള്‍ അവശ്യക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാം. പറവൂര്‍ തോന്ന്യകാവിലാണ് ചന്ത മാതൃകയാകുന്നത്.
പറവൂര്‍ തോന്ന്യകാവ് വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. നിഥിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും നേതൃത്വത്തിലാണ് ചന്ത തുടങ്ങിയത്. ചന്തയിലുള്ള സാധനങ്ങള്‍ നിശ്ചിത അളവില്‍ സൗജന്യമായി ആവശ്യമുള്ളവര്‍ക്ക് കൊണ്ടുപോകാം. 20, 23 വാര്‍ഡുകളിലെ അറുനൂറ്റി അന്‍പതോളം കുടുംബങ്ങളെ ഉദ്ദേശിച്ചാണ് ചന്ത പ്രവര്‍ത്തനം ആരംഭിച്ചത്.
കരയോഗ ഹാളിലാണ് വൈകീട്ട് മൂന്നു മുതല്‍ 5.30 വരെ ചന്ത പ്രവര്‍ത്തിക്കുന്നത്. ആവശ്യക്കാര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ നിശ്ചിത അളവില്‍ തിരഞ്ഞെടുത്ത് കൊണ്ടുപോകാമെന്ന് കൗണ്‍സിലര്‍ ടി.വി. നിഥിന് പറഞ്ഞു.
പച്ചക്കറികള്‍, അരി, കോഴിമുട്ട, ചക്ക, മാങ്ങ, നാളികേരം, ഗോതമ്പുപൊടി തുടങ്ങി അവശ്യവസ്തുക്കള്‍ നിലവില്‍ ചന്തയിലുണ്ട്. കൂടാതെ ആര്‍ക്കും ചന്തയിലേക്ക് അവശ്യവസ്തുക്കള്‍ എന്തും സൗജന്യമായി നല്‍കാമെന്നും കൗണ്‍സിലര്‍ അറിയിച്ചു. ചന്തയുടെ പ്രവര്‍ത്തനോദ്ഘാടനം കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ. നിര്‍വഹിച്ചു.
Discussion about this post