ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ലീന ടീച്ചർക്കും കുടുംബത്തിനും ആ ദിവസം ഏറെ പ്രിയപ്പെട്ടതാണ് ഇന്നും. തൊഴാനായി വരിയിൽ നിൽക്കുമ്പോൾ തൊട്ടുമുന്നിൽ നിന്നിരുന്ന അഞ്ചുവയസുകാരൻ അവന്റെ അമ്മയാണെന്ന് കരുതി ലീനയെ കെട്ടിപ്പിടിക്കുകയായിരുന്നു. അന്ന് തൊഴുത് മടങ്ങും വരെ ലീന ടീച്ചർക്കും കുടുംബത്തിനുമൊപ്പം ആ ചെറിയ ആൺകുട്ടിയും ഉണ്ടായിരുന്നു. ഇന്ന് 20 വർഷങ്ങൾക്കിപ്പുറം ലീന ടീച്ചറും കുടുംബവും തിരയുകയാണ് ആ ആൺകുട്ടിയെ.
കൊല്ലം ചവറ ‘രോഹിണി’യിൽ ലീനയാണ് പഴയൊരോർമയുമായി കാത്തിരിക്കുന്നത്. ലീനയുടെ കൈയ്യിലുള്ളത് അവന്റെ അന്നെടുത്ത ഫോട്ടോകൾ മാത്രമാണ്. വിലാസം എവിടെയോ കളഞ്ഞുപോയി. ദർശനത്തിന് നല്ല തിരക്കുള്ള ദിവസമാണ് ലീനയും ഭർത്താവ് അനിലും മക്കളായ നീതുവും ഗീതുവും ക്ഷേത്രത്തിലെത്തിയത്. വരിയിൽ നിൽക്കുമ്പോൾ തൊട്ടുമുന്നിൽ അഞ്ച് വയസ്സുള്ള ഒരു കുട്ടിയുമായി ഒരപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു. ലീനയെ കണ്ടപാടെ ഓടിവന്ന് കുഞ്ഞ് ലീനയെ ചുറ്റിപ്പിടിച്ചു. എടുക്കാനായി ആംഗ്യവും കാട്ടി. മാറോടുചേർത്തപ്പോൾ അവൻ ഒട്ടിക്കിടന്നു.
ഇതുകണ്ട് കണ്ണീരോടെയാണ് അമ്മൂമ്മ തന്റെ പേരക്കിടാവിനെ കുറിച്ച് പറഞ്ഞത്’. ”എന്റെ മോളുടെ കുഞ്ഞാ. ബൈക്കപകടത്തിൽ അവൾ മരിച്ചു”. അവളുടെ അതേ ഛായയുള്ളതുകൊണ്ടായിരിക്കാം കുട്ടി സ്‌നേഹം കാട്ടിയതെന്നും അമ്മൂമ്മ ലീനയോട് പറഞ്ഞു. അന്നവർ ഒരുമിച്ചാണ് ദർശനവും തുലാഭാരവും നടത്തിയത്. കുട്ടിയും ഗീതുവും നീതുവും വളരെ വേഗത്തിൽ ചങ്ങാതിമാരായി. അന്ന് ഒന്നിച്ചുള്ള ഫോട്ടോകളും പകർത്തി. മടങ്ങുമ്പോൾ അമ്മൂമ്മയിൽനിന്ന് വിലാസം വാങ്ങിയിരുന്നു. ഫോട്ടോകൾ പ്രിന്റെടുത്ത് അയക്കാമെന്നും പറഞ്ഞു. പക്ഷേ, പിന്നീട് ഫോട്ടോ പ്രിന്റ് ചെയ്തുവെച്ചെങ്കിലും വിലാസം എവിടെയോ നഷ്ടപ്പെട്ടു.
അവരുടെ വീടും സ്ഥലവുമൊന്നും കൃത്യമായി അറിയുകയുമില്ലാത്തതിനാൽ പിന്നീട് ബന്ധപ്പെടാനും പറ്റിയില്ല. തൃശ്ശൂർ ജില്ലയിലുള്ളവരാണന്നുമാത്രം അറിയാം. നെടുമങ്ങാട് എസ്എൻവി ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപികയാണ് ലീന. മേയ് 24ന് ‘ബ്രദേഴ്‌സ് ഡേ’യ്ക്ക് ലീനയുടെ മൂത്തമകൾ നീതു അനിൽ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റുചെയ്തു. ആ സഹോദരനെ ഒന്നുകണ്ടിരുന്നെങ്കിൽ എന്നായിരുന്നു പോസ്റ്റ്. മാത്രമല്ല, അമ്മ അവനെ കാത്തിരിക്കുന്നുവെന്നും നേരിട്ടുവന്നാൽ ഒന്നിച്ചുള്ള ഫോട്ടോകൾ തരാമെന്നും നീതു കൂട്ടിച്ചേർത്തു. ഒപ്പം ഫോൺനമ്പറും. 20 വർഷങ്ങൾക്കിപ്പുറം അന്നത്തെ അഞ്ചുവയസുകാരൻ കുഞ്ഞ് ഇപ്പോൾ വളർന്ന് യുവാവായിട്ടുണ്ടാകും. രണ്ടു ചേച്ചിമാരും വലുതായി. നേരിട്ട് കണ്ടാൽ പോലും പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും അവർ കാത്തിരിക്കുകയാണ്.