മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിന്റെയും നവീന്‍ റസാഖിന്റെയും ഡാന്‍സ് വീഡിയോ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സംഘപരിവാര്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായി മാറിയതും മലയാളികള്‍ ഒന്നടങ്കം വീഡിയോ ഏറ്റെടുത്തതും.
റാസ്പുട്ടീന്‍ ഡാന്‍സ് നവീന്‍ എന്ന തന്റെ സഹപാഠിക്കൊപ്പം കളിച്ചതിന് ജാനകിക്കെതിരെ ലൗ ജിഹാദ് ആരോപണവുമായാണ് സംഘപരിവാര്‍ എത്തിയത്. അന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ജാനകിക്ക് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ചത്. സംഘപരിവാറിന് സമൂഹമാധ്യമങ്ങള്‍ തന്നെ മറുപടി നല്‍കി. ഇനിയും ഡാന്‍സ് വീഡിയോകള്‍ ചെയ്യുമെന്നും പിന്നോട്ടില്ലെന്നും സൈബര്‍ ആക്രമണത്തിന് പിന്നാലെ ജാനകിയും നവീനും അറിയിച്ചു.
സംഭവം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും സംഘപരിവാര്‍ ജാനകിയുടെ പിന്നാലെ തന്നെയാണ്. സൈബറിടത്തില്‍ ആക്രമിക്കാന്‍ പുതിയൊരു കാരണം തേടി നടന്നവര്‍ ഇത്തവണ വ്യാജ പ്രചരണമാണ് ആയുധമാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉന്നത കലാലയങ്ങളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു വെബിനാറില്‍ ജാനകി പങ്കെടുത്തതാണ് വിദ്വേഷ പ്രചരണം വീണ്ടും നടത്താന്‍ കാരണം.
സ്‌ക്വില്‍ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിയാണ് മെയ് 30ന് ജാനകി പങ്കെടുക്കുന്നത്. എന്നാല്‍ ഇത് സംഘടിപ്പിച്ചത് എസ്.ഐ.ഒ ആണെന്ന വാദത്തോടെയാണ് ആക്രമണം നടക്കുന്നത്. അതിനായി വ്യാജ പോസ്റ്റര്‍ നിര്‍മ്മിച്ച് പ്രചരണവും നടത്തിയിട്ടുണ്ട്.
വാദി നേതാവ് എന്നറിയപ്പെടുന്ന ജാമിത ടീച്ചറാണ് ജാനകിക്കെതിരെ ആരോപണവുമായി ആദ്യമെത്തിയത്. തുടര്‍ന്ന് പ്രതീഷ് വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ജാനകി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മെയ് 30നായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. സെമിനാറില്‍ താന്‍ വെറും അതിഥി മാത്രമായിരുന്നു. ഈ പരിപാടിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് തിയ്യതി മാറ്റി സംഘടനയുടെ പേര് കൂട്ടിച്ചേര്‍ത്താണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ജാനകി പറയുന്നു.