കണ്ണൂർ: മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനനെ ആരു അത്ര പെട്ടന്ന് മറന്നു കാണില്ല. ഇപ്പോൾ എല്ലാവരെയും ഒന്നുകൂടി ഞെട്ടിച്ചിരിക്കുകയാണ് ജനാർദ്ദനൻ.
പാർട്ടിക്കായി സ്വന്തം വീടും സ്ഥലവും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ജനാർദ്ദനൻ. ഇരുപത് ലക്ഷം രൂപ മക്കൾക്ക് നൽകണം, ബാക്കി തുക മുഴുവൻ ജനോപകരമായ കാര്യങ്ങൾക്ക് വേണ്ടി പാർട്ടിക്ക് ഉപയോഗിക്കാം. വാക്സീൻ ചലഞ്ചിലൂടെ കിട്ടിയ തുക കൊവിഡ് പ്രതിരോധത്തിന് കരുതൽ ധനമായി മാറ്റിവയ്ക്കണമെന്നും ജനാർദ്ദനൻ പറഞ്ഞു.
നേരത്തെ പേരുപോലും പുറത്ത് അറിയിക്കാതെയായിരുന്നു വാക്സീൻ ചലഞ്ചിനായി ജനാർദ്ദനൻ പണം നൽകിയത്. അഞ്ച് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു 2,00,850 രൂപ.വാക്സീൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്ത് നൽകാൻ തൻറെ ദുരിതങ്ങളോ പ്രയാസങ്ങളോ ഒന്നും ജനാർദ്ദനന് തടസ്സമായില്ല. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് യാതൊരു മടിയുമില്ലാതെ അദ്ദേഹം സംഭാവന നൽകിയത്.
വാക്സീൻ സൗജന്യമായി നൽകുമെന്ന് വാക്കുനൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാർദ്ദനൻ പറഞ്ഞത്. വാക്സീൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ജനാർദ്ദനനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു.എന്നാൽ കോവിഡ് സാഹചര്യത്തിൽ ജനാർദ്ദനൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
Discussion about this post