തിരുവനന്തപുരം: കേന്ദ്ര സർക്കാർ വാക്സിൻ നയത്തിൽ വരുത്തിയ പരിഷ്കാരത്തിൽ സന്തോഷം പ്രകടിപ്പിച്ച് കേരളവും. പുതിയ വാക്സിൻ നയത്തിൽ സന്തോഷമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു. ഇത് നല്ലകാര്യമാണ്, പക്ഷേ നേരത്തെ എടുക്കേണ്ടതായിരുന്നു. ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോഴും വ്യക്തത വരുത്തേണ്ട ചില കാര്യങ്ങളുണ്ടെന്നും വാക്സിൻ സമയബന്ധിതമായി കൊടുത്തു തീർക്കുക എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ വാക്സിൻ നയത്തിൽ മാറ്റം വരുത്തി സൗജന്യമായി കൊടുക്കുമെന്ന് പറയുമ്പോഴും അത് രണ്ടോ മൂന്നോ വർഷം കൊണ്ട് കൊടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എങ്കിൽ അതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ലെന്നും ബാലഗോപാൽ പറഞ്ഞു.
മൂന്ന് നാല് മാസത്തിനകം ഇത് പൂർത്തീകരിക്കണം. ഇന്ത്യയിലെ കമ്പനികളുടെ കപ്പാസിറ്റി വെച്ച് നോക്കിയാൽ, ഒരു ചുരുങ്ങിയ കാലയളവിൽ ഇത് തീരില്ല. വാക്സിൻ ഉത്പാദിപ്പിക്കാൻ മറ്റ് സൗകര്യം ഒരുക്കേണ്ടിവരും. അല്ലെങ്കിൽ വിദേശത്ത് നിന്ന് കൂടുതൽ വാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവൺമെന്റിന്റെ നയംമാറ്റത്തിൽ വലിയ പങ്ക് വഹിക്കാൻ കേരളത്തിനാണ് കഴിഞ്ഞത്. സംസ്ഥാനത്തിന്റെ നയമാണ് പ്രധാനപ്പെട്ട കാരണമെന്ന് കരുതുന്നത്. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം, ആരോഗ്യം ഒന്നാമത് എന്ന സമീപനത്തിന് ഇന്ത്യയിലാകെ അംഗീകാരം കിട്ടി എന്ന് മാത്രമല്ല, ഇത്തരം നിലപാട് എടുക്കണം എന്നൊരു സമ്മർദ്ദം ഇന്ത്യയിലാകെ വരുന്നുണ്ട്. അതാണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രവർത്തനങ്ങളുടെ മെച്ചമെന്നും ഒരു ബദൽ സമീപനം മുന്നോട്ട് വെയ്ക്കാൻ ഏത്കാലത്തും ഇടതുപക്ഷ രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ടൈന്നും ബാലഗോപാൽ പറഞ്ഞു.
വാക്സിൻ സൗജന്യമായി നൽകുകയാണെങ്കിൽ കേരളത്തിന് ആശ്വാസം തന്നെയാണെങ്കിലുംഅതിന്റെ പങ്കാളിത്വം, സാമ്പത്തികപരമായ ഉത്തരവാദിത്വം തുടങ്ങിയ കാര്യളിലൊക്കെ വ്യക്തത വേണമെന്ന് മന്ത്രി വിശദീകരിച്ചു. സംസ്ഥാന ഗവൺമെന്റുകൾക്ക് വാക്സിൻ വാങ്ങാൻ ചിലവായ പണത്തിന്റെ പ്രശ്നം ചർച്ചചെയ്യേണ്ടി വരും. കേന്ദ്രത്തിൽനിന്നുള്ള കൃത്യമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് തിരുമാനമെടുക്കുകയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post