തിരുവനന്തപുരം: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദേശം സമർപ്പിച്ചിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറാൻ കോഴ നൽകിയ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ. കുറ്റം തെളിയിക്കപ്പെടുകയാണെങ്കിൽ സുരേന്ദ്രന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആ ജീവനാന്ത വിലക്ക് അടക്കം ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ഇവ. കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 (ബി), 171(ഇ) (തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) എന്നീ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സുരേന്ദ്രൻ വൻ തോതിൽ പണമൊഴുക്കിയെന്നും ഗുരുതരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ കോടതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി വിവി രമേശ് നൽകിയ ഹർജിയിലായിരുന്നു സുരേന്ദ്രനടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കാസർക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പോലീസിന് നിർദേശം നൽകിയത്.
അതേസമയം, പത്രിക പിൻവലിക്കാൻ തടവിൽ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന സുന്ദരയുടെ പരാതിയിൽ സുരേന്ദ്രനും മറ്റു പ്രാദേശിക നേതാക്കൾക്കുമെതിരെ കൂടുതൽ വകുപ്പുകളും ചുമത്താനും അന്വേഷണ സംഘം നീക്കമാരംഭിച്ചു.
യുവമോർച്ച നേതാവും കൊടകര കുഴൽപ്പണക്കേസിൽ ആരോപണം നേരിടുന്ന സുനിൽ നായിക്കാണ് സുന്ദരക്ക് പണമെത്തിച്ചതെന്ന നിഗമനത്തിൽ പോലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ ബദിയടുക്ക പോലീസാണ് കേസെടുത്തിരിക്കുന്നത്. കെ സുരേന്ദ്രൻ തനിക്ക് പണം തന്നെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post