തിരുവനന്തപുരം: മുൻമന്ത്രി കെടി ജലീലിന് എതിരായ ലോകായുക്ത വിധി വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന ആരോപണം ശക്തമാകുന്നു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടർന്നാണ് ലോകായുക്ത ഡെപ്യൂട്ടേഷൻ നിയമനത്തിൽ മുൻമന്ത്രി ജലീൽ കുറ്റക്കാരനെന്ന് വിധി പുറപ്പെടുവിച്ചതെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. പാലൊളി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങൾക്കായി നടപ്പിലാക്കിയ പദ്ധതികൾ 80:20 അനുപാതത്തിൽ മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതിന്റെ ഉപജ്ഞാതാവ് കെടി ജലീലാണെന്ന് ധരിച്ചാണ് ഒരു സംഘം അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയത്. അതിന് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ലീഗ് ചൂട്ടുപിടിച്ച് കൊടുക്കുകയും ചെയ്തെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഡ്വ.ജഹാംഗീർ പാലേരി വിശദീകരിക്കുന്നു. അഡ്വ. എ ജയശങ്കറിന്റെ ലേഖനത്തിന്റെ ചിത്രത്തോടൊപ്പമാണ് അഡ്വ. ജഹാംഗീറിന്റെ കുറിപ്പ്.
അഡ്വ.ജഹാംഗീർ പാലേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:
കെ.ടി ജലീലിനെതിരെ ലോകായുക്തയുമായി ചേർന്ന് വൻ ഗൂഢാലോചന നടന്നു.
പാലൊളി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതികൾ 80:20 അനുപാതത്തിൽ മുസ്ലിം ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതിന്റെ ഉപജ്ഞാതാവ് മുൻ മന്ത്രി കെ.ടി ജലീലാണ് എന്ന് ധരിച്ചാണ് ഒരു സംഘം അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയത്. അതിന് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ലീഗ് ചൂട്ടുപിടിച്ച് കൊടുക്കുകയും ചെയ്തു. ഒരു രൂപ പോലും സർക്കാരിന് നഷ്ടം വരാത്ത ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനത്തിന്റെ മറപിടിച്ചാണ് 80:20 അനുപാതത്തെ എതിർക്കുന്നവർ ജലീലിനോട് പ്രതികാരം തീർത്തത്. ജലീലിനെതിരെ ലോകായുക്തയുടെ വിധി വന്ന് മണിക്കൂറുകൾക്കകം അടുത്ത മന്ത്രിസഭ ഏതായാലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുണമെന്ന രൂപത്തിൽ പുറത്തു വന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസ്താവന ഇതിന്റെ വ്യക്തമായ തെളിവാണ്. ജലീലിന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ ലക്ഷ്യം വെച്ചുള്ള ബോധപൂർവ്വമായ ചുവടുവെപ്പാണ് ലോകായുക്തയെ കൂട്ടുപിടിച്ച് നടത്തിയതെന്ന് വിധിന്യായം വായിക്കുന്ന ഏതൊരാൾക്കും ബോദ്ധ്യമാകും.
കേരളത്തിലെ ഒരു ന്യൂനപക്ഷ വിഭാഗത്തിന് തെറ്റിദ്ധാരണയുടെ പേരിൽ ജലീലിനോടുണ്ടായ എതിർപ്പ് സമർത്ഥമായി ലീഗ് മുതലാക്കുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയായിരിക്കെ അഭയ കേസ് അട്ടിമറിക്കുന്നതിന് കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെട്ട സിറിയക്ക് ജോസഫിനെ റിട്ടയേഡ് ജഡ്ജിമാരുടെ അഭാവത്തിൽ ഗത്യന്തരമില്ലാതെയാണ് ലോകായുക്തയായി എൽ.ഡി.എഫ് സർക്കാർ നിയമിച്ചത്. ഭീമമായ തുക വക്കീൽ ഫീസ് വാങ്ങുന്ന ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ: ജോർജ് പൂന്തോട്ടത്തെ ജലീലിനെതിരെ ലീഗ് ഹാജരാക്കിയത്, ലോകായുക്ത സിറിയക് ജോസഫുമായി ജോർജ് പൂന്തോട്ടതിനുള്ള എല്ലാ അർത്ഥത്തിലുമുള്ള അടുത്ത ബന്ധം കണ്ടുകൊണ്ടു കൂടിയായിരുന്നു. യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസിന്റെ അടുപ്പക്കാരനും ജലീലിന്റെ കടുത്ത വിരോധിയുമായ ഏഷ്യാനെറ്റ് വാർത്താ അവതാരകൻ വിനു വി ജോണിന് ‘കുഞ്ഞാടെ’ന്ന നിലയിൽ സിറിയക് ജോസഫിലുള്ള സ്വാധീനവും രാഷ്ട്രീയ ശത്രുവായ ജലീലിനെ ഒതുക്കാൻ ഉപയോഗപ്പെടുത്തിയതായാണ് വിവരം.
ലീഗിന്റെ നോമിനിയായി ഹൈക്കോടതി ജഡ്ജിയായ ഉപലോകായുക്ത, കാഞ്ഞിരപ്പള്ളിക്കാരൻ ഹാറൂൺ റഷീദിനെ മൗനിയാക്കാനുള്ള നീക്കവും അതേ സമയം തന്നെ കുഞ്ഞാലിക്കുട്ടി നടത്തി. ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യവേ ജോർജ് പൂന്തോട്ടവുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളും ജലീലിനെതിരായ തീർത്തും അന്യായമായ വിധിയിൽ ഒപ്പുവെപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താൻ ജോർജ് പൂന്തോട്ടത്തിന് വക്കാലത്ത് കൊടുത്തതിലൂടെ ലീഗ് സാധിച്ചെടുത്തു. കോട്ടയം ജില്ലക്കാരനായ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സലാം ഹാജിയുടെ അകന്ന ബന്ധു കൂടിയാണ് ഹാറൂൺ റഷീദ്. തൊട്ടുമുമ്പ് വിരമിച്ച ഉപലോകായുക്ത ഒരു മുസ്ലിമായത് കൊണ്ടാണ് മറ്റൊരു റിട്ടയേഡ് മുസ്ലിം ജഡ്ജിയുടെ അഭാവത്തിൽ ഇദ്ദേഹം തൽസ്ഥാനത്ത് നിയമിതനായത്. വിധി പറഞ്ഞ തൊട്ടടുത്ത ദിവസം ഉപലോകായുക്ത അമേരിക്കക്ക് പറന്നതിന്റെ മുഴുവൻ ഏർപ്പാടുകളും ചെയ്തത് കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. ജഡ്ജിമാരെ ഏതുവിധമൊക്കെയാണ് സ്വാധീനിക്കാൻ കഴിയുകയെന്ന് തനിക്കെതിരായ ഐസ്ക്രീം പാർലർ കേസ് സമർത്ഥമായി ഒതുക്കിയതിലൂടെ കുഞ്ഞാലിക്കുട്ടിക്ക് അറിയാമായിരുന്നു. ഈ അനുഭവ സമ്പത്താണ് ജലീലിനെതിരെ അദ്ദേഹം പ്രയോജനപ്പെടുത്തിയത്.
കെ.ടി ജലീലിനെതിരെ വിധി വാങ്ങി നൽകിയാൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജോർജ് പൂന്തോട്ടത്തെ എ.ജി ആക്കാമെന്ന് കുഞ്ഞാലിക്കുട്ടി വാഗ്ദാനം നൽകിയതായി വിശ്വാസ യോഗ്യമായ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ജലീലിനെതിരെ ഗുഢാലോചന നടത്തിയവർ തന്നെയാണ് 80:20 അനുപാതത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ റദ്ദാക്കിച്ചത്. 80:20 അനുപാത വിഷയത്തിൽ ലീഗിന്റെ കൗശലപൂർണ്ണമായ ‘വേണ്ടണം’ നിലപാട് ജലീലിനെതിരെ ഗൂഢാലോചന നടത്തിയവരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും വിമർശനമുണ്ട്. നിയമസഭ നടന്ന് കൊണ്ടിരിക്കെ അടിയന്തിര പ്രമേയമുൾപ്പടെ ശക്തമായ നടപടികളൊന്നും ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമസ്ത തന്നെ മുൻകയ്യെടുത്ത് മുഴുവൻ മുസ്ലിം സംഘടനകളെയും അണിനിരത്തി ലീഗില്ലാതെ തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സാധാരണ ഇത്തരം കാര്യങ്ങളിൽ ലീഗിന്റെ മുൻകയ്യിലാണ് മത സംഘടനകൾ ഒത്തുകൂടി പ്രതികരിക്കാറുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ഏപ്രിൽ 3 ന് വിധി പ്രസ്താവിക്കാനായിരുന്നു ലോകായുക്ത പദ്ധതി ഇട്ടിരുന്നതെങ്കിലും മൈനോറിറ്റി ഫിനാൻഷ്യൽ കോർപ്പറേഷന്റെ വക്കീലായി ഹാജരായ കാളീശ്വരം രാജിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണത്രെ ഇലക്ഷൻ കഴിഞ്ഞതിന് ശേഷം വിധി പ്രസ്താവം നടത്താമെന്ന് ധാരണയായത്. ഏറ്റവുമവസാനം ജലീലിനെതിരെ നിയമസഭയിൽ സംസാരിക്കാൻ കുഞ്ഞാലിക്കുട്ടി താൽപ്പര്യമെടുത്ത് ചുമതലപ്പെടുത്തിയത് കോൺഗ്രസ്സ് നേതാവും ലോകായുക്ത സിറിയക് ജോസഫിന്റെ സുഹൃത്തുമായ അഡ്വ: സണ്ണി ജോസഫിനെയായിരുന്നു.
ജലീലിനോടുള്ള വിരോധം തീർക്കാൻ കടുത്ത 80:20 അനുപാത വിരുദ്ധരുമായി ലീഗ് കൂട്ടുകെട്ടുണ്ടാക്കിയത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമായിപ്പോയെന്ന സംസാരം ലീഗിനകത്ത് തന്നെ ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്.
ഇതോടൊപ്പം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരിൽ ജലീലിനെ എന്ത് വിലകൊടുത്തും തോൽപ്പിക്കാൻ പതിനായിരത്തോളം ബി.ജെ.പി വോട്ടുകൾ സമാഹരിക്കാനും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കൊണ്ടുപിടിച്ച ശ്രമം നടന്നു. യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് ഖുർആന്റെ മറവിൽ സ്വർണ്ണ കള്ളക്കടത്ത് നടത്തിയെന്നും റംസാൻ കിറ്റുകൾ വിതരണം ചെയ്തെന്നും ഈന്തപ്പഴം അനാധാലയങ്ങൾക്ക് വാങ്ങി നൽകിയെന്നും ആരോപിച്ച് എൻ.ഐ.എയും ഇ.ഡിയും കസ്റ്റംസും മാറിമാറി ജലീലിനെ ചോദ്യം ചെയ്തിട്ടും ഒരു തുമ്പും കിട്ടാതിരുന്നത് ബി.ജെ.പിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ജലീൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ബി.ജെ.പി നേതാക്കൾ നിരന്തരം പ്രസ്താവനകൾ നടത്തിയിട്ടും ചാനൽ ചർച്ചകളിൽ വെല്ലുവിളിച്ചിട്ടും അന്വേഷണങ്ങൾക്കൊടുവിൽ കെ.ടി ജലീൽ വിശുദ്ധനാക്കപ്പെട്ടുവെന്ന പ്രതീതി ഉണ്ടായത് അവരെ ശരിക്കും പ്രകോപിപ്പിച്ചു. കേന്ദ്ര ഏജൻസികൾക്ക് ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ ജാള്യം മറക്കാൻ ജലീലിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ തീരുമാനിക്കുന്നതിലേക്ക് ബി.ജെ.പിയെ എത്തിച്ചു. കാറ്റുള്ളപ്പോൾ തൂറ്റാൻ സമർത്ഥനായ കുഞ്ഞാലിക്കുട്ടി ഇതു മനസ്സിലാക്കി ബി.ജെ.പി നേതൃത്വവുമായി സംസാരിച്ചാണത്രെ അവരുടെ പതിനായിരം വോട്ടുകൾ കച്ചവടമാക്കിയത്. മലപ്പുറം ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള തവനൂരിൽ എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചത് ഈ വോട്ടു കച്ചവടത്തിന്റെ അടിസ്ഥാനത്തിലാണ്.
പത്തു ലക്ഷത്തിലധികം ഫേസ്ബുക്കിൽ ഫോളോവേഴ്സുള്ള ഫിറോസ് കുന്നുംപറമ്പിൽ എന്ന ചാരിറ്റി പ്രവർത്തകനെ തവനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത് ബി.ജെ.പി വോട്ടുകൾ കച്ചവടമുറപ്പിച്ചതിന്റെ ഉറപ്പിൽ കൂടിയായിരുന്നു. ലീഗ് പ്രവർത്തകനായ ഫിറോസിനെ കോൺഗ്രസ്സ് ടിക്കറ്റിൽ സ്ഥാനാർത്ഥിയാക്കി കൈപ്പത്തി ചിഹ്നത്തിൽ മൽസരിപ്പിക്കുന്നതിനോട് പ്രാദേശിക കോൺഗ്രസ്സ് യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർക്ക് കടുത്ത എതിർപ്പായിരുന്നു. ഷാഫി പറമ്പിലിനെ ഇടപെടുത്തിയാണ് ലീഗ് നേതൃത്വം ഇതു പരിഹരിച്ചത്. തവനൂരിൽ മൽസരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന മലപ്പുറം ജില്ലക്കാരനായ റിയാസ് മുക്കോളിക്ക് ഷാഫിക്ക് ഉമ്മൻചാണ്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച് പട്ടാമ്പിയിൽ സീറ്റ് ഒപ്പിച്ചു കൊടുത്താണ് തവനൂരിലെ യൂത്ത് കോൺസ്സിലെ അസംതൃപ്തി പരിഹരിച്ചത്. ഫിറോസ് മൽസരിക്കാൻ സമ്മതം മൂളിയത് ബി.ജെ.പി, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ വോട്ടുകൾ കിട്ടുമെന്ന ഉറപ്പിലായിരുന്നു എന്നാണ് ഫിറോസുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കിയത്.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി ഡോ: മുബാറക് പാഷയെ ജലീൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെ നിയമിച്ചതിൽ പരസ്യമായി പ്രതിഷേധിച്ച വെള്ളാപ്പള്ളി നടേശനുമായും നേരിട്ട് ബന്ധപ്പെട്ട് പുറത്തൂർ പഞ്ചായത്ത് ഉൾപ്പടെ തവനൂർ മണ്ഡലത്തിലെ എസ്.എൻ.ഡി.പി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഒപ്പിച്ചെടുക്കാനും കുഞ്ഞാലിക്കുട്ടി മറന്നില്ല. ഒരേ സമയം ഹിന്ദു മുസ്ലിം കൃസ്ത്യൻ വർഗ്ഗീയ വാദികളുടെ ഗൂഢാലോചനയെ മറികടന്ന് ജലീൽ വിജയിച്ചത് മുസ്ലിംലീഗിനെയും കോൺഗ്രസ്സിനെയും ഒരു പോലെയാണ് ഞെട്ടിച്ചത്.
പോസ്റ്റിന് കടപ്പാട്.
ചിത്രം : അഡ്വ. ജയശങ്കറിന്റെ ലേഖനം.
Discussion about this post