‘പ്രസ്ഥാനത്തിനൊപ്പം, പ്രസിഡന്റിനൊപ്പം’; കെ സുരേന്ദ്രനെ പിന്തുണച്ച് ക്യാംപെയിനുമായി ബിജെപി, തിരിഞ്ഞുനോക്കാതെ ശോഭ സുരേന്ദ്രനും കൃഷ്ണദാസും

കൊച്ചി: കുഴല്‍പ്പണം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ കുടങ്ങി നാണക്കേടിലായിരിക്കുകയാണ് ബിജെപി. അതിനിടെ കുഴല്‍പ്പണ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ ആരോപണങ്ങളില്‍ കുരുങ്ങിയ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പിന്തുണച്ച് ഫേസ്ബുക്ക് ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുയാണ് ബിജെപി പ്രവര്‍ത്തകര്‍.

‘പ്രസ്ഥാനത്തിനൊപ്പം, പ്രസിഡന്റിനൊപ്പം’ എന്ന പേരില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫ്രെയിം ക്യാമ്പയിനുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ക്യാമ്പയിനില്‍ പങ്കാളികളായിട്ടുണ്ട്.

അതേസമയം, ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ് കേന്ദ്രമന്ത്രി വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ ക്യാമ്പയിന്‍ അറിഞ്ഞ മട്ടില്ല. കഴിഞ്ഞ ദിസം ബിജെപി കോര് കമ്മിറ്റി യോഗത്തിന് മുന്‍പായി മാധ്യമങ്ങളെ കണ്ട നേതാക്കള്‍, സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും സുരേന്ദ്രനെ അക്രമിക്കാന്‍ സമ്മതിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ പ്രതിരോധിച്ച് ബിജെപി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ആരംഭിച്ചത്.

എന്നാല്‍ ശോഭയും കൃഷ്ണദാസും അടക്കമുള്ള നേതാക്കള്‍ ഈ ക്യാമ്പയിനില്‍ പങ്കെടുക്കാതെ മാറിനില്ക്കുകയാണ്. ഇത് പാര്ട്ടിക്കുള്ളിലെ അതൃപ്തി പ്രകടമാക്കുകയാണ്.

Exit mobile version