കേരളത്തിലും പെട്രോൾ വില സെഞ്ച്വറി അടിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്. എണ്ണക്കമ്പനികൾ തുടർച്ചയായി എണ്ണവില വർധിപ്പിക്കുന്നത് ജനങ്ങളെ അസ്വസ്ഥരാക്കുന്നുമുണ്ട്. ഇന്ന് പ്രീമിയം പെട്രോളിനാണ് തിരുവനന്തപുരത്ത് നൂറു രൂപ കടന്നത്.
ഇതിൽ പ്രതിഷേധിച്ചു സൈക്കിളോടിക്കുന്ന ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ. എൻഡിഎ സർക്കാർ അധികാരത്തിലേറിയ സമയത്ത് തന്നെ താൻ ഈ സൈക്കിൾ വാങ്ങി വെച്ചിരുന്നു എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
‘ടീമേ…കേന്ദ്രത്തിൽ ഇവന്മാര് ഭരണത്തിൽ കയറിയപ്പോൾ തന്നെ നുമ്മ ഒരു സൈക്കിൾ വാങ്ങിയതാണ്,’ ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, 37 ദിവസത്തിനിടയ്ക്കു 21 തവണയാണ് സംസ്ഥാനത്തു ഇന്ധനവില വർധിച്ചത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണു കൂടിയത്. കൊച്ചിയിൽ പെട്രോളിനു 95. 43 രൂപയും ഡീസലിന് 91. 88 പൈസയുമായി വില വർധിച്ചു. കോഴിക്കോടു പെട്രോൾ വില 95.68 രൂപയും ഡീസൽ 91.03 രൂപയുമായി വർധിച്ചു. തിരുവനന്തപുരത്തു പെട്രോൾ വില 97.38 രൂപയും ഡീസലിനു 92.31 രൂപയുമാണ്. വയനാട് ബത്തേരിയിൽ എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വിലയും 100.24 രൂപയായി.